കോഴിക്കോട്: ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ ബ്ലാക്ക്മെയിൽ ചെയ്തു പീഡിപ്പിച്ച ഫ്രീക്കൻ റോമിയോ നാലു വര്‍ഷത്തിനു ശേഷം പിടിയിലായപ്പോൾ ഇറച്ചിവെട്ടുകാരന്.
വലയിലാക്കിയ യുവതിയെ ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പന്തീരങ്കാവ് കൊടല്‍നടക്കാവ് കോലിതൊടുക്ക ഹൗസില്‍ അമീറിനെയാണ് നാലു വര്‍ഷങ്ങള്‍ക്കു ശേഷം കസബ പോലീസ് തമിഴ്നാട് സിക്കാലിയിലെ ഇറച്ചിക്കടയിൽനിന്നു പിടികൂടിയത്.
2017ലാണ് കേസിനാസ്പദമായ സംഭവം . ഫോണ്‍ വഴി പരസ്പരം പരിചയപ്പെട്ടതിനു പിന്നാലെ അടുപ്പത്തിലായ ഇയാള്‍ക്കു യുവതി നിരവധി ഫോട്ടോകള്‍ കൈമാറിയിരുന്നു. ഈ ഫോട്ടോകള്‍ ഭര്‍ത്താവിനടക്കം നല്കുമെന്നു പറഞ്ഞാണ് എറണാകുളം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചത്.
ശല്യം സഹിക്കാതെ യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ആദ്യം മലപ്പുറത്തും മറ്റും താമസിച്ചതായാണ് പോലീസിനു ലഭിച്ച വിവരം. കുടുംബവുമായി അടുത്ത ബന്ധമില്ലാത്ത അമീറിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചിരുന്നില്ല.
അതിനിടെ, അമീര്‍ പണം പലരില്‍നിന്നായി വായ്പ വാങ്ങിയിരുന്നു. പോലീസ് അന്വേഷണത്തിന് പുറമേ ഇവരും അമീറിനെക്കുറിച്ച് അന്വേഷിച്ചു. അടുത്തിടെ അമീര്‍ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടതോടെ പിടികൂടാൻ വഴി തെളിഞ്ഞു. ഈ നമ്പര്‍ പോലീസിനു കൈമാറി. അമീര്‍ തമിഴ്നാട്ടിലെ സിക്കാലിയിലുണ്ടെന്നു തിരിച്ചറിഞ്ഞു.
കസബ എഎസ്ഐ ജയന്ത്, സി.പി.ഒ. ബനീഷ് എന്നിവര്‍ സിക്കാലിയിലേക്കു തിരിച്ചു. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അമീറുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു. തമിഴ്നാട് ഏര്‍വാടിയിലെ ചിക്കന്‍ സ്റ്റാളില്‍ ജോലിക്കാരനായിരുന്നു അമീര്‍.
ബൈക്കില്‍ ഇറച്ചി വില്പനയുമായി പോകുമ്പോഴായിരുന്നു പോലീസിന്റെ അപ്രതീക്ഷിത ഇടപെടല്‍. രക്ഷപ്പെടാന്‍ കഴിയാത്ത വിധം അമീറിനെ തടയുകയും പിടികൂടുകയുമായിരുന്നു.
15 ദിവസം മുമ്പാണ് താന്‍ തമിഴ്നാട് എത്തിയതെന്നാണ് പോലീസിനു നല്കിയ മൊഴി. എന്നാല്‍, ഇക്കാര്യം വിശ്വാസത്തിലെടുത്തിട്ടില്ല. ആധാര്‍ കാര്‍ഡ് വരെ വ്യാജമായുണ്ടാക്കിയതായും പോലീസിനു സംശയമുണ്ട്.