പാലോട്: വീട്ടമ്മയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പാലോട് പെരിങ്ങമല പറങ്കിമാം വിള നവാസ് മൻസിലിൽ നാസില ബീഗത്തെ(39)യാണ് വീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭത്തിനുശേഷം ഒളിവിൽ പോയ ഭർത്താവ് മുഹമ്മദ് റഹീമിനായാണ് അന്വേഷണം ശക്തമാക്കിയത്. റഹീമിനെ കണ്ടെത്താനായി പോലീസ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പരിശോധന നടത്തി.
വ്യാഴാഴ്ച രാവിലെ ഏഴിന് നാസിലയുടെ ഉമ്മ കിടപ്പുമുറിയുടെ കതക് തുറന്ന് നോക്കിയപ്പോഴാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. തന്റെ വാപ്പക്ക് രാവിലെ പതിവായി നിസ്കാര പായ എടുത്ത് നൽകുന്നത് നാസിലയാണ്.
എന്നാൽ, സംഭവദിവസം രാവിലെ മകൾ എഴുന്നേൽക്കാതായതോടെ ഉമ്മ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കട്ടിലിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതും നാസിലയെ കഴുത്തിൽ കുത്തേറ്റ നിലയിലും കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
അതേസമയം,നാസിലക്ക് കുത്തേറ്റിട്ടും അടുത്ത് കിടന്ന 13 വയസുകാരിയായ മകള്‍ പോലും അറിഞ്ഞിരുന്നില്ല . രാവിലെ നാസിലയുടെ ഉമ്മ കുട്ടിയെ വിളിച്ചുണര്‍ത്തുകയായിരുന്നു.
ബുധനാഴ്ച രാത്രി റഹീം മകള്‍ക്ക് മിഠായി നല്കി. രാവിലെ വയറുവേദനയെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . മിഠായിയില്‍ മയക്കുമരുന്ന് കലര്ത്തിയിരുന്നോയെന്നുള്ള സംശയമുണ്ടെന്നും വിശദമായ പരിശോധനയിൽ മാത്രമേ മയക്കുമരുന്നിന്റെ സാന്നിധ്യം അറിയാൻ സാധിക്കുവെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം ചാക്ക ഐടിഐയിൽ ക്ലർക്കായി ജോലി ചെയ്യുകയാണ് അബ്ദുൾ റഹിം. മുമ്പ് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്ന ഇയാൾ രണ്ട് വർഷമായി മദ്യപാനത്തിൽ നിന്നുള്ള മോചനത്തിനായി ചികിത്സയിലാണ്. ഇതിനുള്ള മരുന്നുകൾ കഴിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
അബ്ദുൾ റഹീമിന്റെ രണ്ട് ഫോണുകളിൽ ഒന്നും പതിവായി ഉപയോഗിക്കാറുള്ള ബാഗും വീട്ടിലുണ്ട്. മറ്റേത് സ്വിച്ച് ഓഫാണ്. ഇയാൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കിയെന്നും ഉടൻതന്നെ പിടിയിലാകുമെന്നും പാലോട് സി ഐ അറിയിച്ചു.