കാഞ്ഞിരപ്പള്ളി: കുറുക്കന്മാർ കാടിറങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികൾ. കപ്പാട് മേഖലയിലാണ് കുറുക്കന്മാരുടെ ശല്യം രൂക്ഷമായിരിക്കുന്നത്.
കൃഷി നശിപ്പിക്കുന്നതിനൊപ്പം വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കൈപ്പനാനിക്കല്‍ ചാക്കോച്ചന്റെ വീടിന്റെ മുറ്റത്ത് നിന്നിരുന്ന വളര്‍ത്തുനായയെ മൂന്ന് കുറുക്കന്മാര് ചേര്‍ന്ന് ആക്രമിച്ചു. കടിയേറ്റ നായ അവശനിലയിലാണ്.
കുറുക്കന്മാരുടെ ശല്യം രൂക്ഷമായതോടെ സന്ധ്യയായാല്‍ പുറത്തേക്ക് ഇറങ്ങുവാന്‍ ഭയമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
മണ്ണാറക്കയത്ത് കുറുക്കന്റെ ആക്രമണത്തില്‍ നിന്ന് വളര്‍ത്തുനായയെ രക്ഷിക്കാന്‍ ശ്രമിച്ച വീട്ടുകാരനെ കുറുക്കന് ആക്രമിച്ചിരുന്നു.
ഒരു വര്‍ഷത്തിലേറെയായി കപ്പാട് മൂഴിക്കാട് പ്രദേശങ്ങളിൽ കുറുക്കന്റെ ശല്യം രൂക്ഷമാണ്. മുന്‍പ് വാഴ അടക്കമുള്ള കൃഷി നശിപ്പിച്ച സംഭവങ്ങൾ ഇവിടെയുണ്ടായിരുന്നു.
ലോക്ക് ഡൗൺ കാലത്ത് നട്ടുവളർത്തിയ പച്ചക്കറികൾ കുറുക്കന്മാർ നശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികളൊന്നും എടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയായാൽ കുറുക്കന്മാരുടെ കൂവലും ബഹളവും പ്രദേശമാകെ നിറയും.
രാത്രിയായാല്‍ വീടിന് പുറത്തിറങ്ങാനാ വാത്ത സ്ഥിതിയാണുള്ളത്. വീടുകളില്‍ കയറി ആക്രമണ സ്വഭാവം കാണിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
കാട്ടുപന്നിയുടെ ശല്യവും മേഖലയിലുണ്ടെന്ന് നാട്ടുകാർ പറയുന്നു. കൃഷി നശിപ്പിക്കുകയും ആക്രമണം തുടരുകയും ചെയ്യുന്ന കുറുക്കന്മാരെ വെടിവയ്ക്കുന്നതിന് അനുമതി നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.