സ്വന്തംലേഖകന്‍
കോഴിക്കോട് : കോഴിക്കോടു നഗരത്തിലെ പെണ്‍വാണിഭസംഘത്തിന്റെ സ്ഥിരം ഇടപാടുകാര്ക്കെതിരേ കേസെടുക്കും.
തൊണ്ടയാട് ബൈപാസില്‍ നിന്ന് കോട്ടൂളിയിലേക്കുള്ള ഇടറോഡിലെ മുതരക്കാല വയലിലെ ഇരുനിലവീട് കേന്ദ്രീകരിച്ചു നടത്തിയ പെണ്‍വാണിഭ കേന്ദ്രത്തില്‍ സന്ദര്ശകരായവര്ക്കെതിരേയാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.
കേന്ദ്രനടത്തിപ്പുകാരനായ തലക്കുളത്തൂര്‍ സ്വദേശി കെ. നസീര്‍ (46), മഞ്ചേരി സ്വദേശി സീനത്ത് (51) എന്നിവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ടവരുടെ വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്.
ഇതരദേശത്തു നിന്നു വരെ യുവതികളെ എത്തിച്ചാണ് പെണ്‍വാണിഭം നടത്തിയതെന്നാണു കണ്ടെത്തല്‍.
ഇതരദേശത്തു നിന്നുള്ള യുവതികളെ കേരളത്തിലേക്കും മലയാളി യുവതികളെ മറുനാടുകളിലേക്കും ഏജന്റുമാര്‍ വഴി കൈമാറ്റം ചെയ്യുന്നുണ്ട്.
മറുനാടുകളില്‍ നിന്നു യുവതികളെ കണ്ടെത്തുന്ന ഏജന്റുമാര്‍ കേരളത്തിലെ ഏജന്റുമാര്‍ക്ക് ഫോട്ടോ സഹിതം വിവരങ്ങള്‍ കൈമാറും.
തുടര്‍ന്ന് ഇവിടുത്തെ ഏജന്റുമാര്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാര്‍ക്ക് യുവതികളുടെ ഫോട്ടോയും വിവരങ്ങളും കൈമാറും. ഇവര്‍ ഈ വിവരങ്ങള്‍ സ്ഥിരം ഇടപാടുകാര്‍ക്ക് നല്‍കുകയാണ് പതിവ്.
കോഴിക്കോട് കേന്ദ്രീകരിച്ച് കേന്ദ്രം നടക്കുന്നുണ്ടെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത്.
തുടര്‍ന്നു നടത്തിയ നിരീക്ഷണത്തില്‍ നിരവധി പേര് ഇവിടെ സന്ദര്‍ശിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പോലീസ് പരിശോധന നടത്തി അഞ്ചു പേരെ പിടികൂടുകയുമായിരുന്നു.
ഇരകളായ മലയാളി യുവതിയേയും കോല്‍ക്കത്ത സ്വദേശിനിയേയും പോലീസ് രക്ഷപ്പെടുത്തി.
നേരത്തെ നാലു യുവതികള്‍ കൂടി ഇവിടെയുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ മറ്റൊരു സംഘത്തിനു കൈമാറിയതായാണ് വിവരം.