ഇംഫാൽ: മണിപ്പൂരിൽ ചുരാചാന്ദ്പുർ ജില്ലയിൽ ആസാം റൈഫിൾസിന്റെ വാഹനവ്യൂഹത്തിനുനേർക്ക് ഭീകരർ നടത്തിയ സ്ഫോടനത്തിലും വെടിവയ്പിലും കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു.
കമാൻഡിംഗ് ഓഫീസർ കേണൽ വിപ്ലവ് ത്രിപാഠി, ഭാര്യ അനുജ, മകൻ അബീർ, റൈഫിൾമാൻമാരായ എൻ.കെ. നായക്, സുമൻ സ്വർഗെറെ, ആർ.പി. മീണ, ശ്യാംലാൽ ദാസ് എന്നിവരാണു കൊല്ലപ്പെട്ടത്.
അഞ്ചു സൈനികർക്കു പരിക്കേറ്റു. ഇന്ത്യ-മ്യാൻമർ അതിർത്തി ഗ്രാമമായ സേഖാനിൽ ഇന്നലെ രാവിലെ പത്തിനായിരുന്നു ആക്രമണം.
സ്ഫോടനത്തിനുപിന്നാലെ മലമടക്കുകളിൽ പതിയിരുന്ന ഭീകരർ സൈനിക വാഹനത്തിനുനേർക്കു വെടിയുതിർത്തു. സൈനികർ പ്രത്യാക്രമണം നടത്തി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പീപ്പിൾസ് ലിബറേഷൻ ആർമിയും (പിഎൽഎ) മണിപ്പുർ നാഗാ പീപ്പിൾസ് ഫ്രണ്ടും (എംഎൻപിഎഫ്) സംയുക്തപ്രസ്താവനയിൽ അറിയി ച്ചു.
ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അപലപിച്ചു.
ധീരസൈനികരുടെ രക്തസാക്ഷിത്വം മറക്കില്ലെന്നായിരുന്നു മോദിയുടെ പ്രതികരണം. നീതി നടപ്പാകുമെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി അമിത് ഷാ, ഭീരുക്കളുടെ ആക്രമണമാണ് സൈനികർക്കുനേർക്കുണ്ടായതെന്നു പ്രതികരിച്ചു.
ആസാം റൈഫിൾസ് ഖുഗ ബറ്റാലിയൻ കമാൻഡിംഗ് ഓഫീസറായ വിപ്ലവ് ത്രിപാഠി, 2021ൽ മിസോറാമിൽ ലഹരിവിരുദ്ധ പ്രചാരണത്തിനു ചുക്കാൻ പിടിച്ച ധീരസൈനികനാണെന്നു രാജ്നാഥ് സിംഗ് പറഞ്ഞു.ആക്രമണത്തെ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ശക്തമായി അപലപിച്ചു.
എല്ലാ വർഷവും നവംബർ 12,13 തീയതികളിൽ ഭീകരസംഘടന രക്തസാക്ഷിദിനം ആചരിക്കുന്നുണ്ടെന്നു സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാന പോലീസ് സേനയും സൈനികരും ഭീകരർക്കായി തെരച്ചിൽ തുടങ്ങി. 2018 ജൂൺ നാലിന് ചന്ദേൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ 18 ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.