സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹി അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടെ സുപ്രീംകോടതിയിൽ ഇംഗ്ലീഷ് പഠനത്തിലെ സാമ്യതകൾ പങ്കു വച്ചു ചീഫ് ജസ്റ്റീസും സോളിസിറ്റർ ജനറലും.
എട്ടാം ക്ലാസ് മുതലാണ് ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയത്. അതുവരെ തെലുങ്ക് മീഡിയത്തിൽ തന്നെയായിരുന്നു തന്റെ പഠനം എന്നാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണ പറഞ്ഞത്.
അന്തരീക്ഷ മലിനീകരണത്തിന്റെ കാരണങ്ങളിൽ കർഷകർ വൈക്കോൽ കത്തിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശം തെറ്റിദ്ധരാണ ഉണ്ടാക്കിയതിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരണം നൽകിയപ്പോഴായിരുന്നു രസകരമായ സംഭാഷണത്തിന് വഴിയൊരുക്കിയത്.
അഭിഭാഷകർ എന്ന നിലയിൽ ചില കാര്യങ്ങൾ പറയുന്പോൾ ഉദ്ദേശിക്കുന്നതിനപ്പുറം തെറ്റായ സന്ദേശമാണ് ഉണ്ടാകുന്നത്. തന്റെ ഉദ്ദേശ്യവും മറ്റൊന്നായിരുന്നു എന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
നിർഭാഗ്യവശാൽ താനും ഒരു നല്ല പരിഷ്കൃത പ്രാസംഗികനൊന്നുമല്ലെന്നും അതു തന്നെയാണ് തന്റെ പോരായ്മ എന്നും ചീഫ് ജസ്റ്റീസും പറഞ്ഞു.
ഈ ഇംഗ്ലീഷ് തന്നെ താൻ എട്ടാം ക്ലാസ് മുതലാണ് പഠിച്ചതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. അപ്പോഴാണ് താനും എട്ടാം ക്ലാസ് മുതലാണ് ഇംഗ്ലീഷ് പഠിച്ചതെന്നും അതുവരെ ഗുജറാത്തി മീഡിയത്തിലായിരുന്നു പഠനമെന്നും തുഷാർ മേത്തയും വ്യക്തമാക്കി.