ഗാന്ധിനഗർ: ആംബുലൻസിൽ പ്രസവിച്ച ഇതര സംസ്ഥാനക്കാരിയുടെ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഐസൊലേഷൻ വാർഡിന്റെ പുറത്ത് തുണിയിൽ പൊതിഞ്ഞ് വച്ച സംഭവത്തിൽ ഇന്ന് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകും.
ആസാം സ്വദേശികളും അടിമാലിയിൽ വാടകയ്ക്ക് താമസിക്കുന്ന അംജാസ് അഫ്സൽ – അഫ്സൽനാ ദന്പതികളുടെ ഗർഭസ്ഥ ശിശുവാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
അടിമാലിയിലെ ഹോട്ടൽ ജീവനക്കാരനാണ് അംജാസ്. അഫ്സൽനാ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരിയും. ഇവർക്ക് ആറു വയസ് പ്രായമുള്ള ഒരു കുട്ടിയുണ്ട്.
രണ്ടാമത്തെ പ്രസവ ചികിത്സ അടിമാലി താലൂക്ക് ആശുപത്രിയിലായിരുന്നു. അവിടെ നടത്തിയ വിദഗ്ധ പരിശോധയിൽ വയറ്റിനുള്ളിൽ ഗർഭസ്ഥ ശിശു മരിച്ചു കിടക്കുകയാണെന്നും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടണമെന്നും ഡോക്ടർമാർ പറഞ്ഞു.
അതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച അടിമാലിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടു. യാത്രാ മധ്യേ അഫ്സൽനാ ആംബുലൻസിൽ പ്രസവിച്ചു.വൈകുന്നേരം 5.30ന് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലെത്തി.
പരിശോധനയിൽ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഐസലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. ഇതോടൊപ്പം മരണപ്പെട്ട ഗർഭസ്ഥ ശിശുവിനെ ഐസലേഷൻ വാർഡിന് പുറത്ത് തുണിയിൽ പൊതിഞ്ഞ് വയ്ക്കുകയും ചെയ്തു.
കുഞ്ഞിന്റെ മൃതദേഹം തന്റെ കണ്മുന്പിൽ നിന്നും മാറ്റണമെന്നു നിരവധി തവണ യുവതി പറഞ്ഞിട്ടും ജീവനക്കാർ തയാറായില്ല. ബുധനാഴ്ച രാവിലെ പരിശോധനയ്ക്കെത്തിയ ഡോക്ടറോട് വിവരം പറയുകയും ഉച്ചകഴിഞ്ഞ് 2.30നാണ് തന്റെ കണ്മുൻപിൽ നിന്നും ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം എടുത്തുകൊണ്ടുപോയതെന്നും അഫ്സൽനാ പറയുന്നു.
ജീവനക്കാരിൽ ഒരാൾ, മൃതദേഹം താമസസ്ഥലത്തേക്ക് കൊണ്ടു പോകുന്നുണ്ടോ എന്ന് അന്വേഷിച്ചു. അടിമാലിയിൽ വാടകയ്ക്ക് താമസിക്കുന്നതിനാൽ ബുദ്ധിമുട്ടുണ്ടെന്നും ഇവിടെയെവിടെയെങ്കിലും സംസ്കരിക്കുവാൻ സഹായിക്കണമെന്നും അഫ്സൽനാ പറഞ്ഞു.
പിന്നീട് ജീവനക്കാരി അക്ഷരാഭ്യാസമില്ലാത്ത തനിക്ക് മലയാളത്തിൽ തയാറാക്കിയ ഒരു അപേക്ഷ നൽകുകയും ഒപ്പുവയ്ക്കുവാൻ പറയുകയും ചെയ്തു. ഇതനുസരിച്ച് ഒപ്പു വച്ചതോടെ മൃതദേഹം കൊണ്ടു പോയതായി അഫ്സൽനാ പറയുന്നു.
നവജാത ശിശുവിന്റെ മൃതശരീരം മണിക്കൂറുകൾ വാർഡിന്റെ പുറത്ത് വച്ചതിനെക്കുറിച്ച് ജീവനക്കാരോ അടുത്ത ദിവസമെത്തിയ ഡോക്ടറോ തൃപ്തികരമായ മറുപടി നൽകിയില്ല. സംഭവം വാർത്തയായതോടെ ജീവനക്കാർ തന്നോട് മോശമായി സംസാരിക്കുകയാണുണ്ടായതെന്നു മാതാവ് ആരോപിക്കുന്നു.
നവജാത ശിശുവിനെ തങ്ങൾക്ക് സംസ്കരിക്കാൻ പറ്റാത്തതിനാൽ മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുവാൻ വിട്ടുകൊടുക്കുമോയെന്ന ആശങ്ക ദന്പതികൾക്കുണ്ടായി.
മോർച്ചറിയിൽ അന്വേഷിച്ചപ്പോൾ ദന്പതികളുടെ മേൽവിലാസത്തിലും മരണ രജിസ്ട്രറിലും ഗർഭസ്ഥ ശിശുവിന്റെ രേഖയുണ്ടായിരുന്നില്ല. തുടർന്ന് പൊതുപ്രവർത്തകർ ദന്പതികള കണ്ട് വിവരം ആരാഞ്ഞശേഷം ആശുപത്രി അധികൃതരുമായി ഇടപെട്ടു.
ഗർഭസ്ഥ ശിശുക്കൾ മരണപ്പെട്ടാൽ ബന്ധുക്കൾക്ക് ആവശ്യമെങ്കിൽ വിട്ടുകൊടുക്കുമെന്നും അല്ലെങ്കിൽ മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം സംസ്കരിക്കുകയാണ് പതിവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ശിശുവിന്റെ മൃതദേഹം തങ്ങൾക്ക് സംസ്കരിക്കുവാൻ കഴിയാത്തതിനാൽ ആശുപത്രിക്കു വിട്ടുനൽകിയതായുള്ള അപേക്ഷയിൽ അഫിസൽനാ ഒപ്പുവച്ച് തന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മൃതദേഹം വേണമെന്നാണെങ്കിൽ ആവശ്യമായ രേഖയുമായെത്തി മൃതദേഹം ഏറ്റെടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ഇന്നലെ രാവിലെ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങുകയും നീലിമംഗലം മുസ്ലീം ജമാത്ത് പള്ളിയിൽ സംസ്കരിക്കുകയും ചെയ്തു.
21 മണിക്കൂർ നേരം ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഐസൊലേഷൻ വാർഡിന്റെ വെളിയിൽ തുണിയിൽപ്പൊതിഞ്ഞ് വയ്ക്കുവാനുണ്ടായ കാരണത്തെക്കുറിച്ച് അറിയണമെന്നും അതു സംബന്ധിച്ചുള്ള പരാതി ആശുപത്രി സൂപ്രണ്ടിന് ഇന്നു നൽകുമെന്നും ദന്പതികൾ പറയുന്നു.