തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം പരിഗണിക്കുക.അനുപമയുടെ അമ്മ അടക്കമുള്ള അഞ്ചു പ്രതികൾക്ക് സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റ് ചെയ്ത് പ്രതികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കേണ്ട ആവശ്യമില്ലെന്ന നിരീക്ഷണത്തോടെയാണ് അഞ്ചു പ്രതികൾക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നു പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ വിളിച്ചുവരുത്തിയശേഷമാണ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
താൻ അറിയാതെയാണു കുഞ്ഞിനെ ദത്തു നൽകിയതെന്നാണ് അനുപമ പേരൂർക്കട പോലീസിൽ നൽകിയ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അനുപമയുടെ പിതാവ് അടക്കം ആറു പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് അനുപമയുടെ പിതാവ് ജയചന്ദ്രൻ.