വിഴിഞ്ഞം: നെയ്യാറിൽ കുളിക്കാനിറങ്ങിയ വീട്ടമ്മയെ കാണാതായി. മാവിളക്കടവ് പാലത്തിന് സമീപമുള്ള കടവിൽ കുളിക്കാനിറങ്ങിയ പൂവാർ കഞ്ചാംപഴിഞ്ഞി തെക്കേവിള വീട്ടിൽ ഓമന (58) നെയാണ് ഇന്നലെ രാവിലെ കാണാതായത്.
പൂവാർ ഫയർഫോഴ്സും പോലീസും തെരച്ചിൽ നടത്തിയെങ്കിലും ഓമനയെ കണ്ടെത്താനായില്ല . മാവിളക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിലെ പാർട്ട്ടൈം സ്വീപ്പറാണ് കാണാതായ ഓമന.വീട്ടിൽ ഓമനയും ഭർത്താവ് ക്രിസ്തുദാസും ഇളയ മകൾ സുജിതയും മാത്രമാണ് താമസിക്കുന്നത്.
അമ്മയെ കാണാത്തതിനെ തുടർന്ന് സുജിത അടുത്ത് തന്നെ താമസിക്കുന്ന സഹോദരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളിക്കടവിൽ ഊരി വച്ച നിലയിൽ ചെരുപ്പ് കാണപ്പെട്ടത്.
എല്ലാ ദിവസവും രാവിലെ ആറ്റിൽ പോയി കുളിക്കുന്ന പതിവുണ്ടെന്നും അതിനുശേഷമാണ് ചെക്ക് പോസ്റ്റ് വൃത്തിയാക്കാൻ പോകുന്നതെന്നും മക്കൾ പറഞ്ഞു.
സുനിൽ, സനൽ, സജിത, സുജിത എന്നിവർ മക്കളാണ്.പൂവാർ ഫയർ ആൻഡ് റസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിപിൻലാൽ നായകത്തിന്റെ നേതൃത്വത്തിലുള്ള ടീമും തിരുവനന്തപുരത്തു നിന്നും എഫ്ആർഒ കെ.ബി.സുബാഷിന്റെ നേതൃത്വത്തിലുള്ള സ്കൂബാ ടീമും തെരച്ചിൽ ഇന്നും തുടരും.
ശക്തമായ മഴയെ തുടർന്ന് നെയ്യാർ നദി കരകവിഞ്ഞൊഴുകുകയാണ്. ഇന്ന് തെരച്ചിൽ പുനർ ആരംഭിക്കുമെന്നും ഫയർ ആന്റ് റസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിപിൻ ലാൽ നായകം പറഞ്ഞു.