കണ്ണൂർ: യുഡിഎഫിന് ശക്തമായ പ്ലാറ്റ് ഫോമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂർ ഡിസിസി ഓഫീസിൽ നടന്ന യുഡിഎഫ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞകാലത്തെ യുഡിഎഫായിരിക്കില്ല ഇനി. അടിമുടി മാറ്റത്തോടെയാണ് യുഡിഎഫ് പ്രവർത്തിക്കുക.
കേരളത്തിൽ അടുത്തകാലത്തുണ്ടായ ഒട്ടേറെ ജനകീയവിഷയങ്ങളിൽ യുഡിഎഫ് ഇടപെടലുകൊണ്ട് സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
അതുപോലെ ഇനിയുള്ള കാലവും ശക്തമായി ഇടപെടും. നിയമസഭയിൽ യുഡിഎഫ് ഒരുമനസോടെ പ്രവർത്തിച്ചതുപോലെ നിയമസഭയ്ക്ക് പുറത്തും ഒറ്റകെട്ടായി പ്രവർത്തിക്കും.
ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവരുടെ കഷ്ടതകൾ മനസിലാക്കി അവർക്കുവേണ്ടി ഓരോ യുഡിഎഫ് പ്രവർത്തകനും പ്രവർത്തിക്കും. ഇന്ധന വില വർധനവിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്.
ഒരു ദിവസം മുഴുവൻ മഴ പെയ്താൽ മുങ്ങുന്ന കേരളത്തിന്റെ അവസ്ഥ കണ്ടുകൊണ്ടാണ് സംസ്ഥാനത്ത് കെ -റെയിൽ പദ്ധതി നടപ്പിലാക്കുന്നത്.
യാതൊരു പാരിസ്ഥിതിക പഠനവും കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാതെയുമുള്ള കെ-റെയിൽ പദ്ധതി സംസ്ഥാനത്ത് വരുന്നതിനെ യുഡിഎഫ് ശക്തമായി എതിർക്കുമെന്നും സതീശൻ വ്യക്തമാക്കി.
യുഡിഎഫ് കൺവീനർ എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, സണ്ണി ജോസഫ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, അബ്ദുൾ റഹ്മാൻ കല്ലായി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, എ.ഡി. മുസ്തഫ, സതീശൻ പാച്ചേനി, മേയർ ടി.ഒ. മോഹനൻ, വി.എ. നാരായണൻ, സജീവ് മാറോളി, ജോസഫ് മുള്ളൻമട, സലീം പി. മാത്യു, എം.സി. സെബാസ്റ്റ്യൻ, എസ്. മുഹമ്മദ്, വി.പി. വമ്പൻ, ഇല്ലിക്കൽ ആഗസ്തി, കെ.വി. ഗോപിനാഥൻ, അബൂട്ടി, സതീശൻ മട്ടന്നൂർ, സഹജൻ എന്നിവർ പങ്കെടുത്തു.