ലോകത്തെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ് എയ്ഡ്സ്. ഈ രോഗം ബാധിച്ചാല്‍ പൂര്‍ണമായും സുഖപ്പെടുത്താനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
എന്നിരുന്നാലും നിലവിലെ നൂതന ചികിത്സ രീതികളുടെ പ്രയോഗത്താലും ചിട്ടയായ ജീവിതരീതിയിലൂടെയും ഒരാള്‍ക്ക് സ്വഭാവിക ജീവിതം വീണ്ടെടുക്കാനാവുന്നതാണ്.
വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എച്ച്ഐവി ബാധയില്‍ നിന്ന് പൂര്‍ണമായും രോഗമുക്തരായിട്ടുള്ളത്. ഇപ്പോള്‍ അര്‍ജന്റീനയില്‍ നിന്ന് പുറത്തു വരുന്നതും അത്തരമൊരു വാര്‍ത്തയാണ്.
വര്‍ഷങ്ങളായി എച്ച്ഐവിയോട് പൊരുതിയ യുവതിക്ക് മരുന്നുകള്‍ കഴിക്കാതെ അസുഖം ഭേദമായി എന്ന വാര്‍ത്ത ലോകത്തിനാകെ പ്രതീക്ഷയാകുകയാണ്.
ഒരു മരുന്നും കഴിക്കാതെ തന്നെ ഇവരുടെ ശരീരം എച്ചഐവിയെ പ്രതിരോധിക്കുകയായിരുന്നു. 30കാരിയായ അര്‍ജന്റീനിയന്‍ യുവതിക്ക് എട്ട് വര്‍ഷം മുമ്പാണ് എയ്ഡ്സ് പിടിപെട്ടത്.
ലോകത്ത് ഇത് രണ്ടാമത്തെ ആളിലാണ് മരുന്നില്ലാതെ തന്നെ എച്ചഐവിയെ ശരീരം സ്വയം പ്രതിരോധിച്ചിരിക്കുന്നത്. 2013ലാണ് യുവതിയില്‍ ആദ്യമായി എച്ചഐവി സ്ഥിതീകരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇവരുടെ ശരീരത്തില്‍ പേരിന് പോലും ഒരൊറ്റ വൈറസ് ഇല്ലെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.
രോഗാവസ്ഥയില്‍ ഇരിക്കുമ്പോള്‍ ഗര്‍ഭിണിയായ ആറ് മാസം മാത്രമാണ് ഇവര്‍ മരുന്ന് കഴിച്ചത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി മാത്രമായിരുന്നു.
മരുന്നു കഴിക്കാതെ എച്ച്ഐവി ഭേദമായി എന്ന കണ്ടെത്തല്‍ ലോകത്തെ 38 ദശലക്ഷം വരുന്ന എയിഡ്സ് രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.
എച്ച്ഐവി വിദഗ്ദരുടെ അന്തര്‍ദേശിയ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുവതിയുടെ ശരീരത്തിലെ 1.5 ബില്ല്യണ്‍ കലകളിലും ബ്ലഡിലും എയിഡ്സിന്റെ ഒരു കണിക പോലും ഇല്ലെന്ന് ഡോക്ടര്‍ സു യുവും സംഘവും കണ്ടെത്തി.
അതേസമയം യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇവര്‍ക്ക് ഒരു ബോയ്ഫ്രണ്ടും കുഞ്ഞും ഉണ്ട്. ഇവര്‍ ഇരുവരും എച്ചഐവി നെഗറ്റീവ് ആണ്.