കാസര്‍ഗോഡ്: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്ന ആവശ്യത്തെ ചൊല്ലി വാക്പോര്.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസര്‍ഗോഡ് ജില്ലയ്ക്ക് നല്‍കാനാവശ്യമായ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഒരു കാരണവശാലും കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിക്കാന്‍ കഴിയില്ലെന്നും എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോടിനെ മാത്രം ഉള്‍പ്പെടുത്തിയുള്ള പ്രപ്പോസല്‍ തന്റെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ സമര്‍പ്പിച്ചതാണെന്നും മുഖ്യമന്ത്രി മറുപടി നല്കി.
ഇതോടെയാണ് യോഗത്തില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നത്. മുഖ്യമന്ത്രി വഴങ്ങിയില്ലെങ്കിലും കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിക്കാന്‍ ആവശ്യമായ ശക്തമായ ഇടപെടല്‍ തുടരുമെന്ന് ഒടുവില്‍ എംപി അറിയിച്ചു.
കാസര്‍ഗോഡ് ജില്ലയോടുള്ള മുഖ്യമന്ത്രിയുടെ സമീപനം തീര്‍ത്തും നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം എംപി ആവശ്യപ്പെട്ടതനുസരിച്ച് കുമ്പള റെയില്‍വെ സ്റ്റേഷന് വികസിപ്പിച്ച് ടെര്‍മിനല്‍ സ്റ്റേഷന് ആക്കാനുള്ള പ്രൊപ്പോസല്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നിലവില്‍ ഈ സ്റ്റേഷനില്‍ 30 ഏക്കറില്‍ കൂടുതല്‍ സ്ഥലം റെയില്‍വേയുടേതായി ഉണ്ട്. ദേശീയപാതയുടെ തൊട്ടടുത്താണെന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ സാറ്റലൈറ്റ് ഹബ്ബാക്കാന്‍ എന്തുകൊണ്ടും അനുയോജ്യമാണ് കുമ്പള റെയില്‍വെ സ്റ്റേഷനെന്ന് എംപി യോഗത്തില്‍ പറഞ്ഞു.
പ്രാഥമിക സര്‍വേയ്ക്ക് ശേഷം തെല്ലും മുന്നോട്ടു പോകാത്ത കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും മുഖ്യമന്ത്രി എംപിക്ക് ഉറപ്പുനല്‍കി.
എന്‍ഡോസാള്‍ഫാന്‍ ദുരിത ബാധിതരുടെ പെന്ഷന് പോലും മുടക്കി അവരെ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്നും എംപി യോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്‍ഡോസള്‍ഫാന്‍ സെല്ലിന് അടിയന്തരമായി ചെയര്‍മാനെ നിയമിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ പ്രവാസികളെ വീണ്ടും വീണ്ടും കൊള്ളയടിക്കുന്ന അവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരമുണ്ടാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കരിന്തളത്ത് കേന്ദ്ര സര്‍ക്കാരിനു കീഴില്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിന് 2018 ല്‍ ഭൂമി അനുവദിച്ചെങ്കിലും തുടര്‍നടപടികള്‍ ഇല്ലാത്ത കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഉണ്ണിത്താന് അറിയിച്ചു.