സ്വന്തം ലേഖകൻ
കൊച്ചി: “ദൈവാനുഗ്രഹംകൊണ്ടാണു നടുറോഡില്‍ എന്റെ ജീവന് പൊലിയാതിരുന്നത്. വലിയ വേഗതയിലെത്തിയ കാര്‍ എന്റെ ബൈക്കിനു പിന്നിലിടിച്ചപ്പോള്‍, തെറിച്ചുവീണതു റോഡിലേക്കാണ്.
സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒരു വലിയ ശബ്ദവും കേട്ടു’. മിസ് കേരള അന്‍സി കബീറടക്കം മൂന്നു പേര് മരിച്ച വൈറ്റില ബൈപാസിലെ വാഹനാപകടത്തിനു തൊട്ടു മുമ്പ്,
ഇവര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ചു തലനാരിഴയ്ക്കു രക്ഷപ്പെട്ട ബൈക്ക് യാത്രികനായ ഡിനില്‍ ഡേവിസിന്റേതാണ് ഈ വാക്കുകള്‍.
നെട്ടൂരിലുള്ള കാര്‍ ഷോറൂമിന്റെ മാനേജർ ആണ് ഡിനിൽ. അപകടദിവസം നെട്ടൂരിലെ ഹെഡ് ഓഫീസില്‍നിന്ന് ആലുവ കാഞ്ഞൂരിലെ വീട്ടിലേക്കു മടങ്ങുമ്പോഴാണു ഡിനിലിനെ കാര്‍ ഇടിച്ചിട്ടത്.
അര്‍ധരാത്രി 12.15ന് ഓഫീസില്‍നിന്ന് ഇറങ്ങി. 12.30നും 12.45നുമിടയില്‍ പാലാരിവട്ടം ചക്കരപ്പറമ്പിലെത്തിയപ്പോഴാണ് അപകടം. റോഡിന്റെ ഇടതുവശം ചേര്‍ന്നാണു ബൈക്കോടിച്ചിരുന്നത്.
ഹോണ്‍ അടിക്കാതെ വലിയ വേഗതയിലാണ് കാര്‍ പിന്നില്‍നിന്നു പാഞ്ഞു വന്നത്. ബൈക്കിനു പിന്‍ഭാഗത്തു സൈലന്‍സറില്‍ കാര്‍ തട്ടിയയുടന്‍ ഞാന്‍ റോഡിലേക്കു വീണു. ഷോള്‍ഡര്‍ നിലത്തിടിച്ചാണു വീണത്.
ലാപ്ടോപ്പ് ബാഗ് ഷോള്ഡറില് തൂക്കിയിട്ടിരുന്നു. ഇത് പരിക്കിന്റെ രൂക്ഷത കുറച്ചു. ഹെല്മെറ്റുണ്ടായിരുന്നതും തുണയായി.
അഞ്ചു മിനിറ്റോളം ഞാന്‍ റോഡരികില്‍ കിടന്നു. തൊട്ടുപിന്നാലെയെത്തിയ പോലീസുകാരാണ് അവരുടെ വാഹനത്തില്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചത്.
ഇടിച്ച വാഹനം നിര്‍ത്താതെ പോയെന്നാണ് ഞാന്‍ ആദ്യം കരുതിയത്. ആശുപത്രിയിലെത്തിയശേഷമാണു തന്നെ ഇടിച്ചിട്ട കാര്‍, മീഡിയന് കടന്നു മരത്തിലിടിച്ചെന്നും മിസ് കേരളയുള്പ്പടെയുള്ളവര് മരിച്ചെന്നും അറിഞ്ഞത്.
അവരെയും ആംബുലന്‍സില്‍ അതേ ആശുപത്രിയിലാണ് എത്തിച്ചത് -ഡിനില്‍ പറയുന്നു.
ഡിനിലിന്റെ ഹോണ്ട സിബിഇസഡ് ബൈക്ക് അപകടത്തില്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. ബൈക്കിലിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യത്തെ വിശദീകരണം.
പിന്നീടു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകടകാരണം അമിതവേഗതയാണെന്നു പോലീസിനു വ്യക്തമായത്.
സംഭവിച്ച കാര്യങ്ങള്‍ പൂര്‍ണമായും പോലീസിനോടു വിശദീകരിച്ചിട്ടുണ്ടെന്നു ഡിനില്‍ പറഞ്ഞു.
അപകടത്തിൽപ്പെട്ട കാറിനെ മറ്റൊരു കാർ പിന്തുടർന്നിരുന്നെന്ന് ഉൾപ്പെടെ പല ചോദ്യങ്ങള്‍ക്കും പോലീസ് ഇനിയും ഉത്തരം തേടുമ്പോള്‍, തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണു ഡിനിൽ.