വൈക്കം: കായലോരത്തെ ഡബിൾ ഡക്കർ ബസ് റസ്റ്ററന്റിൽ ഇരുന്ന് തണുത്ത കായൽ കാറ്റേറ്റ് കായൽ മനോഹാരിതയിൽ മനസു നിറച്ചു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവിനൊപ്പം ചായ കുടിക്കുന്പോൾ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മുഖത്ത് ആഹ്ലാദത്തിന്റെ തിരയിളക്കമായിരുന്നു.
ഗതാഗത വകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് ആവിഷ്കരിച്ച ഫുഡി വീൽസ് കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ പടരുന്പോൾ സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിക്കുന്ന മികച്ച ഭക്ഷണ ശാലകൾ ഉയരുമെന്ന സന്തോഷം ചെറുതല്ലെന്ന് ഇരു മന്ത്രിമാരും അഭിപ്രായപ്പെട്ടു.
കോടികൾ മുടക്കി ആഡംബര ഹോട്ടൽ പണിയാതെ ടൂറിസം ഡെസ്റ്റിനേഷനുകളിൽകുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ചെലവിൽ ഉപയോഗ ശൂന്യമായ കെഎസ്ആർടിസി ബസുകൾ കമനീയമായ റസ്റ്ററന്റായി മാറുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ഉണർവുണ്ടാകും.
തൊഴിൽ രഹിതരായ ചെറുപ്പക്കാരെ ഈ സംരംഭങ്ങളുമായി സഹകരിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.
കോടികളുടെ സന്പാദ്യമുള്ള സിനിമാ താരങ്ങളും ബിസിനസുകാരും ഉപയോഗിച്ചിരുന്ന കാരവാനുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സാധാരണക്കാർക്ക് സർക്കാർ പ്രാപ്യമാക്കുകയാണ്. വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കിയ കാരവാൻ ടൂറിസം ജനം നെഞ്ചിലേറ്റിക്കഴിഞ്ഞു.
വലിയ ഹോട്ടലുകളിൽ താമസിക്കുന്നതിന്റെ ചെലവുമായി തട്ടിച്ചു നോക്കുന്പോൾ സാധാരണ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ താമസിക്കാൻ കഴിയുമെന്നതാണ് കാരവാൻ ടൂറിസത്തിന്റെ പ്രത്യേകതയെന്നും മന്ത്രിമാർ അഭിപ്രായപ്പെട്ടു.
വരുംകാലത്ത് കേരളത്തിൽ റോഡ് ഗതാഗതത്തേക്കാൾ ശ്രദ്ധേയമാകാൻ പോകുന്നത് ജലഗതാഗത മേഖലയാണെന്നും അതിന്റെ ഗുണഫലം ഏറ്റവും കൂടുതൽ ലഭിക്കുന്നത് വിനോദ സഞ്ചാര മേഖലയ്ക്കായിരിക്കുമെന്നും ഗതാഗത മന്ത്രി ആന്റണിരാജു കൂട്ടിച്ചേർത്തു.