റിച്ചാർഡ് ജോസഫ്
ബ്ലാക് മെയിലിംഗും പല തരത്തിലുള്ള കബളിപ്പിക്കലും അടക്കമുള്ള നിരവധി തട്ടിപ്പുകളാണ് ഇന്ന് ഒഎൽഎക്സും ഫേസ്ബുക്കും വാട്സാപ്പും ഉൾപ്പെടെയുള്ള സൈബർ ഇടങ്ങളിൽ ഒളിഞ്ഞു കിടക്കുന്നത്.
ചില തട്ടിപ്പുകാർ വീഡിയോ കോളിന്റെ ലിങ്ക് അയയ്ക്കുകയും അറ്റന്റ് ചെയാതാൽ കോൾ റിക്കാർഡ് ചെയ്യുകയും ചില അശ്ലീല ഉള്ളടക്കങ്ങൾ ഉപയോഗിച്ച് അത് എഡിറ്റ് ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
പണം തന്നില്ലെങ്കിൽ വീഡിയോ കോൾ യൂട്യൂബിൽ ഇടുമെന്നാകും ഭീഷണി. ഇതുകൂടാതെ എസ്എംഎസ് ഉപയോഗിച്ചും ആളുകളെ കബളിപ്പിക്കുന്ന രീതിയുണ്ട്.
കാഷ്ബാക്ക് ഓഫർ മുതൽ ആഡംബര ഹോട്ടലിലും റിസോർട്ടുകളിലും സൗജന്യ താമസം വരെ ഇവർ ഓഫർ ചെയ്യും.
ഏഴു ദിവസം ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഭക്ഷണവും അടക്കം 2999 രൂപ മാത്രം! വിശദമായി ചോദിച്ചാൽ ഇപ്പോൾ കോവിഡ് ആയതിനാൽ പ്രത്യേക ഓഫറിൽ നൽകുന്നതാണെന്നും ഇന്നു മാത്രമാണ് ഈ ഓഫർ ഉള്ളതെന്നും പറയും. ഫൈവ് സ്റ്റാർ ഹോട്ടൽ സ്വപ്നം കണ്ട് ഇല്ലാത്ത പണം കടം മേടിച്ച് കൊടുക്കും.
എന്നാൽ എല്ലാം ശുദ്ധ തട്ടിപ്പാണെന്ന് മനസിലാക്കുക. ഇത്തരം തട്ടിപ്പുകളെല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രധാന മാർഗമായാണ് ഇന്ന് തട്ടിപ്പുകാർ ഒഎൽഎക്സ് തെരഞ്ഞെടുക്കുന്നത്.
പത്രങ്ങളിൽ ഓണ്‍ലൈൻ ജോബ് എന്ന പേരിൽ വരുന്ന മിക്ക പരസ്യങ്ങളും തട്ടിപ്പാണെന്നു കണ്ടെത്തിയിട്ടുണ്ട്. പണവും രേഖകളും ഒരുകാരണവശാലും കൈമാറരുത്.
തട്ടിപ്പ് ആമസോണിന്റെ പേരിലും
ആമസോണിൽ ജോലി വാഗ്ദാനം ചെയ്ത് ഇപ്പോൾ നിരവധി മെസേജുകളാണ് ഓരോ മൊബൈലുകളിലേക്കും വരുന്നത്. ഇതോടൊപ്പം ഒരു ഫോണ്‍ നന്പരാണ് നൽകുന്നത്.
എന്നാൽ ഇത് തട്ടിപ്പിനായുള്ള ഒരു ചൂണ്ടയാണ്. വിളിച്ചാൽ ആമസോണിൽ ഡെലിവറി ബോയ് ആയി ജോലി നൽകാമെന്നും എന്നാൽ ചെറിയൊരു തുക മുൻകൂറായി നൽകണമെന്നും പറയും. ആയിരക്കണക്കിനു രൂപയുടെ സാധനങ്ങളാണ് കൈയിൽ തന്നുവിടുന്നത്.
അതിനാൽ കുറച്ചു തുക കെട്ടിവയ്ക്കണം. ആലോചിക്കുന്പോൾ കുഴപ്പമൊന്നും തോന്നില്ല. ഗൂഗിൽ പേ വഴിയാകും പണം ആവശ്യപ്പെടുക.
പണം അടച്ച സ്ക്രീൻ ഷോട്ടുമായി ഏറ്റവും അടുത്തുള്ള ആമസോണ്‍ കളക്ഷൻ സെന്ററിൽ എത്തിയാൽ മതി. ജോലി റെഡി. എന്നാൽ അവർ പറയുന്ന സ്ഥലത്ത് അങ്ങനെ ഒരു കേന്ദ്രം പോയിട്ട് കെട്ടിടം പോലും കാണില്ല.
ഫ്ളിപ്കാർട്ട് വീട്ടിലിരുന്ന് പ്രതിദിനം 900 സന്പാദിക്കാം
മെബൈൽ മെസേജ് വഴി ഇപ്പോൾ നടക്കുന്ന മറ്റൊരു തട്ടിപ്പാണ് ഫ്ളിപ്കാർട്ടിന്റെ പേരിൽ നടക്കുന്നത്. ഓണ്‍ലൈൻ ജോബ് ആണെന്നും വീട്ടിലിരുന്നു തന്നെ പ്രതിദിനം കുറഞ്ഞത് 900 രൂപയെങ്കിലും സന്പാദിക്കാമെന്നുമാണ് പരസ്യം.
എന്നാൽ ഇതിനും നമ്മൾ മുൻകൂറായി പണം നൽകണം. അവർ നൽകുന്ന നന്പരിൽ വിളിച്ചാൽ ചെറിയ മുതൽ മുടക്കിൽ വൻതുക സന്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിക്കും.
അവരുടെ സോഫ്റ്റ്വെയർ നമ്മൾ വാങ്ങണം. അതിലാണ് എല്ലാം ചെയ്യുന്നത്. ഇതിനായി 6000 രൂപ മുൻകൂറായി അടച്ചാൽ സോഫ്റ്റ്വെയർ അയച്ചു തരും.
പിന്നീട് ജോലി ആരംഭിക്കാം. ഇതും ഇപ്പോഴത്തെ ട്രെൻഡിംഗ് തട്ടിപ്പാണ്. പണം അടച്ചാൽ പോയതു തന്നെ.
തട്ടിപ്പിന്റെ പ്രവർത്തന രീതി
തട്ടിപ്പുകാർ മിക്കവാറും യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അല്ലെങ്കിൽ യുപിഐ ആണ് ഉപയോഗിക്കുന്നത്.
ഗൂഗിൾ പേ, ഫോണ്‍ പേ തുടങ്ങിയ ആപ്പുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയും ഉപയോഗവുമാണ് ഇവർ മുതലെടുക്കുന്നത്.
എന്നാൽ ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട സാങ്കേതിക അറിവിന്റെ അഭാവം തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നു. ചിലപ്പോൾ സാധനങ്ങൾ വാങ്ങാൻ എന്ന വ്യാജേന പണം നൽകാനുള്ള അഭ്യർഥന അയയ്ക്കും.
ക്യുആർ കോഡ് സ്കാനിംഗ്, ഒടിപി തുടങ്ങിയവ നൽകാൻ ആവശ്യപ്പെടും. മിക്കവാറും അവർ ഫോണ്‍ സംഭാഷണത്തിലും ചാറ്റിംഗിലും അനാവശ്യമായ തിടുക്കം കാണിക്കും.
അറിവില്ലായ്മ മൂലവും ഉൽപന്നം വിൽക്കാനുള്ള അത്യാവശ്യം കൊണ്ടും കെണിയിൽ വീഴുന്നവരാണ് അധികവും.
തട്ടിപ്പുകാർ നൽകുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ അഭ്യർഥന സ്വീകരിക്കുകയോ ചെയ്താലുടൻ തുക അക്കൗണ്ടിൽ നിന്ന് നഷ്ടമാകും.