പാലാ: തോടനാലില്‍ യുവതിയെ വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
തോടനാല്‍ ഇലവനാംതൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃശ്യ (26) യാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഏലപ്പാറ ചിന്നാര്‍ സ്വദേശിനിയായ ദൃശ്യയെ തോടനാലിലേക്കാണു വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത്. ഉറങ്ങാന്‍ കിടന്നശേഷം പുലര്‍ച്ചെ ദൃശ്യയെ കാണാതാവുകയായിരുന്നു.
രാവിലെ നടത്തിയ അന്വേഷണത്തിൽ വീടിന് 200 മീറ്റര്‍ അകലെ അയല്‍വാസിയായ പുലിക്കാട്ടില്‍ ആലീസിന്റെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം കണ്ടെത്തി. കിണറിന് സമീപത്തുനിന്നു ടോര്‍ച്ചും കണ്ടെത്തി.
പാലാ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തഹസില്‍ദാര്‍ എസ്. ശ്രീജിത്തും സ്ഥലത്തെത്തി മേല്‍നോട്ടം വഹിച്ചു.
ദൃശ്യയുടെ സോഷ്യല്‍മീഡിയ ഉപയോഗം ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നതായി പറയുന്നു.
കഴിഞ്ഞയാഴ്ച ചിന്നാറിലെ വീട്ടിലേക്കുപോയ ദൃശ്യയോട് വീട്ടില്‍ നിന്നും ആരെയെങ്കിലും കൂട്ടി തിരികെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച തിരികെയെത്തിയ ദൃശ്യയ്ക്കൊപ്പം വീട്ടുകാര്‍ ആരും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നു ഭര്തൃവീട്ടുകാര്തന്നെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തിയതായി ബന്ധുക്കള്‍ പറഞ്ഞു.