നെന്മാറ: അയിലൂർ പഞ്ചായത്തിലെ ആദിവാസി കോളനിയിലെ എസ്ടി പ്രമോട്ടർക്കു സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി.
കോളനികളിലുള്ളവർക്കു മഴക്കെടുതി കിറ്റ് പാർട്ടി അറിയാതെ വിതരണം ചെയ്തതിനാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ജി.സജിത്ത് കുമാർ പ്രമോട്ടർ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്.
പാർട്ടി അറിയാതെ കിറ്റ് നൽകിയാൽ ജോലികളയുമെന്നായിരുന്നു സജിത്തിന്റെ ഭീഷണി. ഭീഷണിയിൽ പരാതിയില്ലെന്നു മണികണ്ഠൻ പറഞ്ഞു.
അയിലൂർ പഞ്ചായത്തിലെ മൂന്ന് ആദിവാസി കോളനികളിലാണ് പട്ടികവർഗ വകുപ്പ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്. ഇതിൽ കോണ്ഗ്രസ് മെം ബറുടെ വാർഡും ഉൾപ്പെടുന്നു.
ഇതിൽ പ്രകോപിതനായാണ് ലോക്കൽ സെക്രട്ടറി സജിത്ത് കുമാർ ഭീഷണി മുഴക്കിയത്.പ്രമോട്ടറാക്കിയതു പാർട്ടിയാണെന്നും പാർട്ടി അറിയാതെ എന്തെങ്കിലും ചെയ്താൽ വട്ടപ്പൂജ്യമാക്കുമെന്നുമാണ് ഭീഷണി.
പാർട്ടി മെംബറായതിനാൽ ലോക്കൽ സെക്രട്ടറിക്കെതിരെ പരാതി നൽകില്ലെന്നായിരുന്നു എസ്ടി പ്രമോട്ടർ മണികണ്ഠന്റെ പ്രതികരണം. പാർട്ടിക്കു പരാതി നൽകിയതായാണ് വിവരം.
സർക്കാർ സഹായങ്ങൾ തങ്ങളുടേതാക്കി മാറ്റുന്നതിനാണ് സിപിഎം ശ്രമമെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി.അയിലൂരിലെ സിപിഎം വിഭാഗീയതയുടെ തുടർച്ചയാണിതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.