ന്യൂഡൽഹി: ഡൽഹി അന്തരീക്ഷ മലിനീകരണത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരേ വിമർശനവുമായി വീണ്ടും സുപ്രീം കോടതി. പരസ്പരം പഴി ചാരാതെ നിങ്ങൾ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്ന് കോടതി ആവർത്തിച്ച് ചോദിച്ചു.
അതേസമയം, കർഷകർ വൈക്കോൽ കത്തിക്കുന്നതാണ് മലിനീകരണത്തിന് കാരണമെന്ന വാദവും സുപ്രീം കോടതി തള്ളി.
പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരിക്കുന്നവരാണ് കർഷകരെ കുറ്റംപറയുന്നതെന്നാണ് കോടതി പറഞ്ഞത്. ദീപാവലിക്ക് വിലക്ക് ഉണ്ടായിട്ടും പടക്കം പൊട്ടിച്ചു. എന്നിട്ടാണ് കർഷകരെ കുറ്റപ്പെടുത്തുന്നത്.
കർഷകരെ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ല. വയൽ അവശിഷ്ടങ്ങൾ കത്തിക്കാൻ എന്തുകൊണ്ട് ശാസ്ത്രീയ മാർഗങ്ങൾ സർക്കാരുകൾ നിർദേശിക്കുന്നില്ലെന്നും കോടതി ചോദിച്ചു.
വിഷയത്തിലെ ടെലിവിഷൻ ചാനലുകളിലെ സംവാദങ്ങൾ മറ്റെന്തിനേക്കാളും മലിനീകരണം സൃഷ്ടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു.
അതേസമയം, ഡൽഹി സർക്കാരിന്റെ വർക്ക് ഫ്രം ഹോം നിർദേശത്തെ കോടതിയിൽ കേന്ദ്രം എതിർത്തു. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാനാകില്ലെന്നും ഇതു നടപ്പാക്കിയാൽ രാജ്യത്തെയാകെ അത് ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
വായു മലിനീകരണം തടയുന്നതിനായി ഡൽഹിയിലേക്കുള്ള ട്രക്കുകൾ ഈ മാസം 21 വരെ നിയന്ത്രിക്കുമെന്നും കേന്ദ്രം അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചതോടെ മലിനീകരണം ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ജീവനക്കാർക്ക് കാർ കൂളിംഗ് സംവിധാനം ആലോചിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.