നെടുമ്പാശേരി: സമൻസുമായി വീട്ടിൽ വന്ന പോലീസുകാരൻ നായയെ അടിച്ചുകൊന്നുവെന്ന പരാതി.
ചെങ്ങമനാട് പൊയ്ക്കാട്ടുശേരി കുറുപ്പനയം വേണാട്ടുപറമ്പിൽ മേരി തങ്കച്ചന്റെ വീട്ടിലെ പഗ് ഇനത്തിൽപ്പെട്ട “പിക്സി’ എന്ന വളർത്തു നായയാണ് കഴിഞ്ഞ ദിവസം ചത്തത്.
മേരിയുടെ മകൻ ജസ്റ്റിന് കോടതിയിൽ ഹാജരാകുന്നതിനുള്ള സമൻസുമായി ചെങ്ങമനാട് ഹൗസിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിൽ എത്തിയിരുന്നു.
ഇതിനിടെ പോലീസിന്റെ ദേഹത്തേക്ക് ചാടി വീണ നായയെ സമീപത്തു കിടന്ന മരക്കഷ്ണം ഉപയോഗിച്ച് പോലീസുകാരൻ അടിച്ചുവെന്നും പിന്നാലെ ചത്തുവെന്നുമാണ് വീട്ടുകാരുടെ പരാതി.
ചത്ത നായയുടെ ജഡം മേരി വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്ന് എറണാകുളം റൂറൽ എസ്പി കെ. കാർത്തിക്കിന് മേരി പരാതി നൽകി. കേസിൽ അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്.
സംഭവം നടന്ന വീട്ടിലെത്തിയ ഡിവൈഎസ്പിയും സംഘവും ഫ്രിഡ്ജിൽ നിന്നും നായയുടെ ജഡം പുറത്തെടുത്ത് ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടത്തിനയച്ചു.
എറണാകുളം വെറ്റിനറി ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ നായയുടെ തലയിൽ രക്തം കട്ടപിടിച്ചിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
എന്നാൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.
ഇതിനായി പോസ്റ്റ്മോർട്ടത്തിൽ ശേഖരിച്ച നായയുടെ ആന്തരികാവയവങ്ങൾ വിശദ പരിശോധനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.