പോലീസുകാര്‍ എല്ലാം അഴിമതിക്കാരാണ്. നാട്ടുകാരെ ദ്രോഹിക്കുന്നവരാണ് എന്നൊക്കെ പറയുന്നവര്‍ രാകേഷ് കുമാറെന്ന ഈ പോലീസുകാരനെക്കുറിച്ച് വായിച്ചിരിക്കണം. ഹരിയാന പോലീസില്‍ അംഗമായ രാകേഷിന്റെ ചിത്രം രാഹുല്‍ ശര്‍മയെന്നയാളാണ് ആദ്യമായി ഫേസ്ബുക്കില്‍ പങ്കുവച്ചത്. ബൂട്ട് ഇടാതെ കനത്തമഴയത്ത് ട്രാഫിക് നിയന്ത്രിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ഹരിയാനയിലെ ഏറ്റവും തിരക്കേറിയ നിരത്തുകളിലൊന്നായ സോനിപ്പത്തില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.
മഴ നനയാതിരിക്കാന്‍ ഒരു ജാക്കറ്റു പോലുമില്ലാതെയാണ് രാകേഷ് വാഹനഗതാഗതം നിയന്ത്രിക്കുന്നത്. കനത്ത മഴയും വെള്ളക്കെട്ടും കാരണം മണിക്കൂറുകളോളം ഗുഡ്ഗാവണ് നഗരം സ്തംഭിച്ചിരിക്കുകയാണ്. മണിക്കൂറുകളോളം റോഡില്‍ കുരുങ്ങി കിടന്ന ശേഷമാണ് പലര്‍ക്കും ലക്ഷ്യസ്ഥാനത്തെത്തിച്ചേരാനായത്. എന്തുകൊണ്ടാണ് ഷൂസ് ഇടാത്തതെന്നു ചോദിച്ചപ്പോള്‍ രാകേഷിന്റെ മറുപടി ആരുടെയും മനസലിയിക്കും. എന്റെ കൈയ്യില്‍ ആകെ ഒരു ജോഡി ബൂട്ടേയുള്ളു. നാളെയും ജോലിക്കു വരേണ്ടതല്ലേ.
രാഹുലിന്റെ ചിത്രം പലരും ഷെയര്‍ ചെയ്തതോടെ രാകേഷ് ഇപ്പോള്‍ ഹീറോയായിരിക്കുകയാണ്. പ്രാദേശിക, ദേശീയ മാധ്യമങ്ങള്‍ രാകേഷിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ പ്രാധാന്യത്തോടെ നല്കി. ഹരിയാന പോലീസ് തങ്ങളുടെ അഭിമാനമുയര്‍ത്തിയ സഹപ്രവര്‍ത്തകനെ ആദരിക്കാനും ബൂട്ടും ജാക്കറ്റും നല്‍കാനും തീരുമാനിച്ചിരിക്കുകയാണ്. പോലീസിനെ വെറുക്കുന്ന, ഭയക്കുന്ന സമൂഹത്തിന് വ്യത്യസ്തമായൊരു അനുഭവം സമ്മാനിച്ച രാകേഷിന് നല്‍കാം ഒരു സല്യൂട്ട്.