അമ്പലപ്പുഴ: പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തിൽ സൂക്ഷിച്ചു വച്ചിരുന്ന ഫയലുകൾ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. നിരവധി വിജിലൻസ് അന്വേഷണം നേരിടുന്ന പഞ്ചായത്താണ് ഇതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഡിറ്റോറിയത്തിൽ സൂക്ഷിച്ചിരുന്ന ഫയലുകളാണ് ഇന്നലെ വൈകുന്നേരം നാലു മണിയോടെ കത്തിച്ചത്.
പൂട്ടിയിട്ടിരുന്ന താഴ് തകർത്ത് അകത്തു കയറിയ ശേഷമാണ് ആരോ ഫയലുകൾക്ക് തീയിട്ടിരിക്കുന്നതും. ഫയലുകൾക്ക് സമീപം മല മൂത്ര വിസർജനം ചെയ്ത നിലയിലും കണ്ടെത്തി.
തകഴിയിൽ നിന്ന് ഫയർ ഫോഴ്സെത്തിയാണ് തീയണച്ചത്. നിത്യവും നിരവധി പേരാണ് വിവരാവകാശവുമായി പഞ്ചായത്തിനെ സമീപിക്കുന്നത് രാഷ്്ട്രീയ സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ വഴിവിട്ട സഹായങ്ങൾ ചെയ്തു കൊടുത്തതുമായി ബന്ധപ്പെട്ട് നിരവധി വിവരാവകാശങ്ങൾക്കു മറുപടി കൊടുത്തതും കൊടുക്കാനുമുണ്ട്.
ആരോഗ്യ വകുപ്പും പൊലൂഷ്യൻ ബോർഡും പ്രവർത്തിപ്പിക്കാൻ പാടില്ല എന്നു പറഞ്ഞ സ്ഥാപനങ്ങൾ വരെ മാസങ്ങളായി ഈ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു .
രാഷ്്ട്രീയ സമ്മർദം മൂലം അനധികൃതമായി ചെയ്ത പല നിയമ വിരുദ്ധ പ്രവർത്തികളിൽ നിന്നും ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താൻ മനപൂർവം ഫയലുകൾക്ക് തീയിട്ടതാണന്ന ആരോപണം ശക്തമാണ്. തീപിടിത്തവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ അമ്പലപ്പുഴ പോലീസിൽ പരാതി നൽകി.