മാങ്കാംകുഴി: നിർധന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു അമ്പിളി. പക്ഷേ, ഇന്ന് സ്വന്തം ജീവൻ നിലനിർത്താൻ അമ്പിളി എന്ന ഇരുപത്തി മൂന്നുകാരി സുമനസുകളുടെ കനിവ് തേടുകയാണ്.
തഴക്കര പഞ്ചായത്ത് വാർഡ് പതിനേഴിൽ താമസിക്കുന്ന അഞ്ചുമൂലം പറമ്പിൽ സദാനന്ദൻ -പത്മിനി ദമ്പതികളുടെ ഏക മകളാണ് അമ്പിളി.
ഇരു വൃക്കയും തകരാറിലായതിനെ തുടർന്ന് അമ്പിളിയെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടിയന്തരമായി വൃക്ക മാറ്റിവെച്ചാൽ ജീവൻ രക്ഷിക്കാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു .
പക്ഷേ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വേണ്ടത് ഏകദേശം 45 ലക്ഷത്തോളം രൂപയാണ് .നിർധന കുടുംബത്തിന് ഇത് താങ്ങാൻ കഴിയില്ല.
പണം കണ്ടെത്താൻ കഴിയാതെ അവർ നൊമ്പരപ്പെടുകയാണ്. വാർഡ് മെമ്പർ കെ സുജാതയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും അമ്പിളിയെ സഹായിക്കാൻ രംഗത്തുണ്ട്.
സുമനസുകൾ കനിഞ്ഞാൽ മാത്രമേ അമ്പിളിയെ രക്ഷിക്കാൻ കഴിയു. സമീപത്തെ ഒരു ട്രാവൽ ഏജൻസിയിൽ അമ്പിളി ജോലിക്ക് പോയി കിട്ടിയ തുച്ഛമായ വരുമാനം കൊണ്ടാണ് നിർധന കുടുംബം കഴിഞ്ഞുവന്നത്.
അമ്പിളി ആശുപത്രിയിൽ ആയതോടെ കുടുംബം ദുരിതത്തിലുമായി.