ചെറുതോണി: തേവി രാമൻ എന്ന ആദിവാസി മുത്തശ്ശി നൂറ്റിയഞ്ചാം വയസിലും പ്രായത്തെ വെല്ലുന്ന കരുത്തുമായി ഇപ്പോഴും പ്രവർത്തനനിരതയാണ്.
പാട്ടിയമ്മ എന്നു നാട്ടുകാർ വിളിക്കുന്ന ഇവർ കരിന്പൻ മണിപ്പാറ കാനത്തിലാണു താമസം. അഞ്ചു തലമുറയെ കാണാൻ ഭാഗ്യംലഭിച്ച ഈ മുത്തശ്ശിക്ക് മക്കളും മക്കളുടെ മക്കളും കൊച്ചുമക്കളുമായി 120 പേർ പിൻമുറക്കാരായുണ്ട്.
വനത്തിൽ ജനിച്ച് കാട്ടുകിഴങ്ങും തേനും കാട്ടുമൃഗങ്ങളുടെ ഇറച്ചിയും കഴിച്ച് കാട്ടിൽ വളർന്ന ഈ വനമുത്തശ്ശിക്ക് പ്രായത്തെ വെല്ലുന്ന കരുത്തു നൽകുന്നതും മായമില്ലാത്ത ഇവരുടെ ഭക്ഷണ സാധനങ്ങളാണെന്ന് ഇവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു.
മന്നാൻ സമുദായത്തിൽ ജനിച്ച ഇവർക്ക് കാടിന്റെയും കാട്ടുമക്കളുടെയും ഭാഷയാണു വശം. കോവിൽമല രാജാവാണ് ഇവരുടെ ഗോത്ര തലവൻ.
25 വർഷം മുൻപ് ഭർത്താവ് രാമൻ മരിച്ചു. ഏഴു മക്കളാണിവർക്ക്. അഞ്ചു പെണ്ണും രണ്ടാണും. ഇതിൽ ഒരു മകനും മരിച്ചു. മറ്റൊരു മകൻ മാങ്കുളം താളുംകണ്ടത്ത് താമസിക്കുന്നു.
മൂന്നാമത്തെ മകൾക്കൊപ്പമാണ് പാട്ടിയമ്മയുടെ താമസം. അഞ്ചാം തലമുറയിലെ ആറുമാസം പ്രായമുള്ള ഏദനാണ് ഈ തലമുറയിലെ ഇളമുറക്കാരൻ.
വർഷത്തിലൊരിക്കൽ നടക്കുന്ന കാലാവൂട്ട് മഹോത്സവത്തിൽ മക്കൾ മുതലുള്ള അഞ്ചു തലമുറയും ഒന്നിച്ചുകൂടും. പഴയ കാര്യങ്ങളെല്ലാം ഇവർക്ക് നല്ല ഓർമയുണ്ട്.