ഉപ്പുതറ: കുറുപ്പെന്ന സിനിമയിലൂടെ ഉപ്പുതറയിലെ സഹോദരങ്ങളും വൈറാലാകുകയാണ്.
ഉപ്പുതറ വാലുമ്മേൽ ടോമിയുടെ ഇളയ മകൻ അലൻ ടോമാണ് സിനിമയിൽ പാട്ടിന്റെ രചന നിർവഹിച്ചത്. ജ്യേഷ്ഠൻ ലിയോ ടോമാണ് പാട്ട് ചിട്ടപ്പെടുത്തിയത്.
കോവിഡ് പ്രതിസന്ധിയിൽ മാസങ്ങളോളം അടഞ്ഞുകിടന്ന തീയറ്ററുകൾ തുറന്നപ്പോൾ ആദ്യമെത്തിയ മലയാള സിനിമയാണ് കുറുപ്പ്.
ഈ സിനിമയിലെ ഒരു പാട്ടാണ് അലനെയും ലിയോയെയും ശ്രദ്ധേയരാക്കിയത്. ബിരുദ പഠനം പൂർത്തിയാക്കിയശേഷം സംഗീത സംവിധായകനാകണമന്ന മോഹവുമായി ലിയോ മുംബൈയിലേക്കു വണ്ടികയറി.
അവിടെ 10 വർഷത്തോളം പരസ്യ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. തിരികെ എറണാകുളത്ത് എത്തിയപ്പോൾ ബിരുദ പഠനം പൂർത്തിയാക്കിയ അനുജനെയും ഒപ്പം കൂട്ടി.
പരസ്യ ചിത്രങ്ങളിലും സീ കേരളം ചാനൽ പരിപാടികളിലും സജീവമായിരിക്കുന്പോഴാണ് ദുൽഖർ സൽമാൻ നായകനായ ദുൽഖറിന്റെ കന്പിനി നിർമിച്ച് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പിലെ ഒരു പാട്ട് എഴുതാനും ചിട്ടപ്പെടുത്താനും അവസരം ലഭിച്ചത്.
പാട്ട് വൻ ഹിറ്റായതോടെ ഇരുവരുടെയും തിരക്കും വർധിച്ചു. ആദ്യ സിനിമയിൽ ഒരു പാട്ടുമായി അരങ്ങേറ്റം കുറിച്ച സഹോദരങ്ങൾ സൗബിൻ നായകനായ ജിത്തു കെ. ജയൻ സംവിധാനം ചെയ്യുന്ന കള്ളൻ ഡിസൂസ എന്ന ചിത്രത്തിൽ മൂന്നു ഗാനങ്ങളാണ് എഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പിതാവ് ടോമിയുടെയും മാതാവ് മാഗിയുടെയും പൂർണ പിന്തുണയാണ് ഈ സഹോദരങ്ങളുടെ പിന്നിലെ ശക്തി.