വടക്കഞ്ചേരി: ന്യൂനപക്ഷ, ഭൂരിപക്ഷ വർഗ്ഗീയത ഒരേപോലെ അപകടകരമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ.സിപിഎം വടക്കഞ്ചേരി ഏരിയാ സമ്മേളനം പുതുക്കോട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നത്. വിവിധ സന്നദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഇത്തരക്കാർ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണെന്നും ബാലൻ പറഞ്ഞു.
ടി.കണ്ണൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി.എം. ശശി റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി.ചെന്താമരാക്ഷൻ, ഇ.എൻ സുരേഷ്ബാബു, ജില്ലാകമ്മിറ്റി അംഗങ്ങളായ സി.ടി കൃഷ്ണൻ, സി.കെ ചാമുണ്ണി എന്നിവർ പ്രസംഗിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി.എം.ശശി തന്നെ ഏരിയ സെക്രട്ടറിയായി തുടരാനാണ് സാധ്യത.
21 അംഗ എരിയ കമ്മിറ്റിയിലേക്ക് മാത്രമാകും തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് രാവിലെ 10.30 നാണ് തെരഞ്ഞെടുപ്പ് നടപടികൾ.
ഏരിയയിലെ പത്ത് ലോക്കൽ കമ്മിറ്റികളിൽ നിന്നും 144 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി നെയിംബോർഡുകൾ ഒരുക്കിയാണ് ഓരോ പ്രതിനിധിക്കും ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.