വടക്കഞ്ചേരി: കുതിരക്കൊപ്പമാണ് പുതുക്കോട് മണപ്പാടം കുതിരപ്പറന്പ് സ്വദേശി സന്ദീപിന്റെ ജീവിതം.സന്ദീപ് എവിടെപ്പോകുന്പോഴും ഒപ്പം കുതിരയുമുണ്ടാകും. ദൂരകൂടുതലുള്ള സ്ഥലത്തേക്കാണെങ്കിൽ വണ്ടികെട്ടി കുതിരയെ തെളിച്ചാകും യാത്ര.
80 കിലോമീറ്റർ വരെ വേഗതയിൽ കുതിര ഓടുമെന്നാണ് യാത്ര അനുഭവങ്ങളിലൂടെ സന്ദീപ് പറയുന്നത്.മഞ്ഞപ്ര ചിറ സ്കൂളിൽ ഹൈസ്കൂൾ പഠനകാലത്ത് കുതിരപ്പുറത്താണ് സന്ദീപ് സ്കൂളിൽ എത്തിയിരുന്നത്. സ്കൂളിനടുത്ത് പറന്പുകളിൽ കുതിരയെ മേയ്ക്കാൻ വിട്ടാണ് സന്ദീപ് ക്ലാസിൽ കയറുക.
ഇടക്ക് വെള്ളം കൊടുക്കാൻ സമീപത്തെ വീട്ടുക്കാരെ ഏർപ്പാടാക്കും. രാജകീയമായ യാത്രക്കായിരുന്നില്ല ഈ സാഹസം.
കുതിരയോടും മറ്റു മിണ്ടാപ്രാണികളോടുമുള്ള സ്നേഹം മൂത്ത് അങ്ങനെ ആയതാണെന്ന് സന്ദീപ് പറയുന്നു. ഈ കുതിര സ്നേഹം ഇപ്പോഴും തുടരുകയാണ്.
സന്ദീപിന് ഇപ്പോൾ മൂന്ന് കുതിരകളുണ്ട്. രണ്ടു കുതിരകൾ റെയ്സിംഗിനുള്ളതാണ്. ആറു വയസുള്ള ഝാൻസി എന്ന പെണ്കുതിരയാണ് സന്ദീപിന്റെ പ്രിയപ്പെട്ട കുതിര.
വണ്ടി വലിക്കാനാണ് ഉയരം കുറഞ്ഞ ഈ കുതിരയെ ഉപയോഗിക്കുന്നത്. പുതുക്കോട് നടക്കുന്ന സിപിഎമ്മിന്റെ ഏരിയ സമ്മേളനത്തിലും സന്ദീപിന്റെ കുതിരവണ്ടിയുണ്ടായിരുന്നു.
ചില ദിവസങ്ങളിൽ നൂറും നൂറ്റന്പതും കിലോമീറ്റർ സന്ദീപ് കുതിര വണ്ടിയിൽ യാത്ര ചെയ്യും. കുതിരക്ക് ഇടക്ക് വിശ്രമം നൽകിയാകും യാത്രകൾ. മധുരക്കാരിയാണ് ഝാൻസി. ആറുമാസം പ്രായമുള്ളപ്പോൾ കിട്ടിയതാണ്.
റെയ്സിംഗ് കുതിരകളുടെ സംരക്ഷണം, പരിശീലനം തുടങ്ങിയ സംബന്ധിച്ച് മണ്ണുത്തി യൂണിവേഴ്സിറ്റിയിൽ നിന്നും ആറു മാസത്തെ പരിശീലനം സന്ദീപ് നേടിയിട്ടുണ്ട്.
നാട്ടിലെ പശു ഫാമിലെ വേഗതയേറിയ കറവക്കാരൻ കൂടിയാണ് 22 കാരനായ സന്ദീപ്. രാവിലെ 25 പശുക്കളെ കറന്ന് പാൽ അളക്കുന്നതും ഈ ചെറുപ്പക്കാരൻ തന്നെ.