വടക്കഞ്ചേരി: റോഡിലുടനീളം വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന വേട്ടയാടലിനെതിരെ പന്തലാംപാടം നീലിപ്പാറ ദേശീയപാതയോരത്ത് ടെന്റ് കെട്ടി വാഹന ഉടമകളുടെയും ഡ്രൈവർമാരുടെയും പ്രതിഷേധം.ഇന്നലെ രാവിലെ ഒന്പത് മണിയോടെ തുടങ്ങിയ പ്രതിഷേധം വൈകിട്ടും തുടർന്നു.
ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും ലോഡുമായി വന്ന നൂറിലേറെ ലോറികളാണ് വടക്കഞ്ചേരി മുതൽ നീലിപ്പാറ വരെയുള്ള ഏഴ് കിലോമീറ്ററോളം ദൂരം നിർത്തിയിട്ട് പ്രതിഷേധിച്ചത്.
നീലിപ്പാറ ക്വാറിക്ക് സമീപം തൃശൂർ ലൈനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ദേശീയപാതയിൽ ലോറികൾ പരിശോധിച്ച ഹൈവെ പോലീസ് എസ്ഐ ബഷീർ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ.
രാവിലെ ഒന്പതിനു മുന്പ് ലോഡുമായി വന്ന ഏഴ് ടോറസുകൾ പരിശോധിച്ചതിൽ ഒന്നിനും കല്ലു കൊണ്ടുപോകാനുള്ള പാസ് ഉണ്ടായിരുന്നില്ല.
വാഹനങ്ങളിലെല്ലാം ഓവർലോഡുമുണ്ടായിരുന്നു. വിവരം ജില്ലാ പോലീസ് സൂപ്രണ്ടിനെ അറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരി എസ്ഐ കെ.വി സുധീഷ് കുമാർ, എഎസ്ഐ ബിനോയ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി.
സ്കൂൾ സമയത്ത് ജിയോളജിപാസ് നൽകില്ലെന്നും വാഹനങ്ങൾ പിടിക്കുന്ന സമയത്ത് പാസില്ലാതെ പിന്നീട് ഏറെ കഴിഞ്ഞാണ് പാസ് കാണിച്ചതെന്നും എസ്ഐ പറഞ്ഞു.
ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നു എന്നൊക്കെയുള്ള ആരോപണം എസ്ഐ നിഷേധിച്ചു. പാസില്ലാതെ ഏഴ് വാഹനങ്ങൾ പിടിച്ചതു സംബന്ധിച്ച് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകുമെന്നും എസ്ഐ സുധീഷ് കുമാർ പറഞ്ഞു.
അതേസമയം, ലോറി ഡ്രൈവർമാരും ഉടമകളും പറയുന്നത് മറ്റൊന്നാണ്.ക്വാറികളിൽ നിന്നും ലോഡുമായി വാഹനം ഇറങ്ങി ലോഡ് ഇറക്കുന്നതുവരെയുള്ള ഓട്ടത്തിനിടെ വിവിധ വകുപ്പുകൾ ഓരോ കാരണം പറഞ്ഞ് വാഹനം പിടികൂടി വേട്ടയാടുകയാണെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഷിജു കാലായിൽ, സെക്രട്ടറി വി.എസ് സുധീഷ്, ലോറി ഉടമ കണ്ണൻ എന്നിവർ പറഞ്ഞു.
മാസപ്പടി, കൈക്കൂലി തുടങ്ങി വാഹനം ഓടിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് ആക്ഷേപം.ഏതോ ഉദ്യോഗസ്ഥൻ ക്വാറിയിൽ വന്ന് കല്ല് ചോദിച്ചപ്പോൾ മറ്റുള്ളവരെ പുറംതള്ളി കല്ലു കൊടുത്തില്ലെന്ന കാരണത്താലാണ് ക്വാറിക്കു മുന്നിൽ വച്ച് തന്നെ വാഹനങ്ങൾ പിടിച്ച് പ്രതികാരം തീർക്കുന്നതെന്ന് അസോസിയേഷൻ ആരോപിച്ചു.
തങ്ങളുടെ പക്കൽ മതിയായ രേഖകൾ ഉണ്ടായിരുന്നെന്നും വാഹനങ്ങൾ പാതയോരത്തു നിർത്തിയിട്ട് ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ലോറികൾ പിടിച്ചതെന്നും പറയുന്നു.
രേഖകളെല്ലാം ഉണ്ടായിട്ടും വാഹനങ്ങൾക്കെതിരെ നടപടിയുമായി പോലീസ് മുന്നോട്ടുപോയാൽ പാതയോരത്തെ പ്രതിഷേധം ശക്തമാക്കുമെന്നും നേതാക്കൾ അറിയിച്ചു.