കൊട്ടാരക്കര: നക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തിൽ പുഴുവരിക്കുന്ന ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ വൈറലായി. കൊട്ടാരക്കര ചന്തമുക്കിന് സമീപമുള്ള ബാർ ഹോട്ടലിലെ ദ്യശ്യങ്ങളും സംഭാഷണങ്ങളുമാണ് പ്രചരിക്കുന്നത്.
ഹോട്ടലിലെത്തിയവർക്ക് വിളമ്പിയ കപ്പലണ്ടി ചേർത്തുണ്ടാക്കുന്ന മസാലയിൽ പുഴുക്കൾ പുളയുന്നതാണ് വീഡിയോ ദൃശ്യങ്ങൾ. ഇത് വാങ്ങിയവർ പുഴുക്കളെ പെറുക്കിയെടുക്കുന്നതും ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നതും വിഡിയോയിലുണ്ട്.
കൊട്ടാരക്കരയിലെ വലുതും ചെറുതുമായ ഹോട്ടലുകളുടെ അടുക്കളകളും പിന്നാമ്പുറങ്ങളുമെല്ലാം വൃത്തിഹീനവും അറപ്പുളവാക്കുന്നതുമാണ്. പഴകിയ ആഹാരസാധനങ്ങളും ദിവസങ്ങൾ കഴിഞ്ഞവ ചൂടാക്കി നൽകുന്നതും പതിവാണ്.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓഫീസ് കൊട്ടാരക്കരയിലുണ്ടെങ്കിലും ഒരു പരിശോധനകളും നടത്താറില്ല. ഇങ്ങനെ ഒരു ഓഫീസ് പ്രവർത്തിക്കുന്നതായി പോലും പൊതുജനങ്ങൾക്കറിയില്ല.
ശബരിമല തീർഥാടന കാലത്തിനു മുന്നോടിയായി എല്ലാ വർഷവും ഭക്ഷണ ശാലകളിൽ റവന്യു- സിവിൽ സപ്ലൈസ് -ആരോഗ്യവകുപ്പുകൾ സംയുക്ത പരിശോധനകൾ നടത്താറുള്ളതായിരുന്നു. ഇക്കുറി അതും നടന്നിട്ടില്ല.