കടുത്തുരുത്തി: അടിക്കടിയുള്ള പാചകവാതക വിലവര്‍ധന ഹോട്ടല്‍ മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. അടുക്കള ബജറ്റ് താളം തെറ്റിച്ച പാചകവാതക വിലവര്‍ധനയാണ് ഇപ്പോള്‍ ഹോട്ടല്‍ വിഭവങ്ങളെയും പിടികൂടിയിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചതോടെ എല്ലാ സാധനങ്ങള്‍ക്കും കുത്തനെ വിലകൂടി.
600 രൂപയോളം കൂടി
എല്ലാ വസ്തുക്കളുടെയും വില കൂടിയ സാഹചര്യത്തിലാണ് പാചകവാതകത്തിനും വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. വാണിജ്യ സിലിന്‍ഡറിന് ഈ വര്‍ഷം മാത്രം അറുന്നൂറോളം രൂപയാണു കൂടിയത്.
പാചകവാതകത്തിന് വില കുറയ്ക്കാന്‍ തയാറാകാത്ത പക്ഷം വിഭവങ്ങളുടെ വില കൂട്ടാതെ നിര്‍വാഹമില്ലെന്ന മുന്നറിയിപ്പാണു ഹോട്ടല്‍ വ്യാപാരികള്‍ നല്‍കുന്നത്.
ഏറ്റവും ഒടുവില്‍ 268 രൂപ വര്‍ധിച്ചപ്പോള്‍ 19 കിലോഗ്രാം തൂക്കമുള്ള സിലിന്‍ഡര്‍ വാങ്ങണമെങ്കില്‍ 1,994 രൂപ കൈയില്‍ കരുതണം. പാചകവാതകത്തിന് മാത്രമാണ് ഈ തുക.
വില കൂട്ടേണ്ടി വരും
ഇറച്ചി, മീന്‍, പച്ചക്കറി, വെളിച്ചെണ്ണ തുടങ്ങിയവയുടെ വിലയും കൂടി കണക്കാക്കിയാല്‍ ഹോട്ടല്‍ നടത്തിക്കൊണ്ടു പോവുക പ്രയാസമാണ്. സാധനങ്ങളുടെ വില കൂടിയിട്ടും ഹോട്ടലുകളില്‍ ഭക്ഷണത്തിനു വില കൂട്ടിയിട്ടില്ലെന്നും ഹോട്ടലുടമകള്‍ പറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ വില കൂട്ടേണ്ടി വരും.
കോവിഡിന് ശേഷവും പ്രതിസന്ധി
കോവിഡ് രൂക്ഷമായി ബാധിച്ച മേഖലകളിലൊന്നാണ് ഹോട്ടല്‍ വ്യവസായം. ഇതില്‍നിന്നു കരകയറാനുള്ള ശ്രമത്തിനിടെയാണു വിലക്കയറ്റം. കാറ്ററിംഗ് സ്ഥാപനങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴ ഉണങ്ങിയ വിറകിന്റെ ലഭ്യതയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
ജനകീയ ഭക്ഷണശാലകൾ
കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷണം നല്കുന്ന കുടുംബശ്രീ ജനകീയ ഭക്ഷണശാലകളും വിലക്കയറ്റത്തില്‍ പ്രതിസന്ധിയിലാണ്. ഇവരുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്.20 രൂപയ്ക്ക് ഊണു നല്കുമ്പോള് 10 രൂപയാണ് സര്‍ക്കാര്‍ സബ്സിഡിയായി ഇവര്‍ക്കു ലഭിച്ചിരുന്നത്.
അഞ്ച് മുതല്‍ 15 പേര് വരെ അടങ്ങുന്ന ഓരോ ഭക്ഷണശാലകളിലും ദിവസേന 700 മുതല്‍ 1,200 പേര്‍ക്കുവരെ ഭക്ഷണം നല്‍കുന്നുണ്ട്. ഇതില്‍നിന്നു മാസം 8,000 – 12,000 രൂപ വരെ വരുമാനം നേടുന്നവരുണ്ട്.
വരുമാനത്തിൽ നഷ്ടം
വരുമാനത്തില്‍ 10 മുതല്‍ 12 ശതമാനം വരെ നഷ്ടമാണ് ഇവര്‍ കണക്കാക്കുന്നത്. 900 പേര്‍ക്കു ഭക്ഷണം നല്കുന്ന ഹോട്ടലുകളില്‍ പ്രതിദിനം രണ്ട് മുതല്‍ മൂന്നു സിലണ്ടറുകള്‍ വരെ പാചകത്തിനായി വേണ്ടി വരും.
ഒരു സിലിന്‍ഡറിനു രണ്ടായിരത്തോളം രൂപ ചെലവാക്കേണ്ടിവരുമ്പോള്‍ ഇവരുടെ വരുമാനത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. കൂടാതെ സാധനങ്ങളുടെ വിലക്കയറ്റം വേറെയും.
മുതലാകാതെ വ്യാപാരികൾ
പാചകവാതകത്തിനും മറ്റും വില കുറയുമെന്ന പ്രതീക്ഷയില്ല. നിലവില്‍ 12 രൂപയ്ക്ക് ചായ കൊടുത്താല്‍ പോലും മുതലാകാത്ത സ്ഥിതിയായി. ജിഎസ്ടിയും ലൈസന്‍സും നികുതിയുമൊക്കെയായി സര്‍ക്കാരിലേക്ക് പണമടയ്ക്കുന്ന ഹോട്ടല്‍ വ്യാപാരികള്‍ക്ക് സബ്സിഡിയോ പാക്കേജോ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.