കാട്ടാക്കട: മലയിൻകീഴ് ആൽത്തറ വാറുവിളാകം ശിവ നാഗേശ്വര ക്ഷേത്രത്തിൽ നിന്ന് കവർച്ച ചെയ്യപ്പെട്ട ഉടയാടയും മുണ്ടും സ്വർണപ്പൊട്ടും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
തുമരിച്ചൽ ലൂഥറൻ എൽ.പി സ്കൂൾ കോമ്പൗണ്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വസ്തുവകകൾസ്കൂളിലെ ജീവനക്കാർ കണ്ടെത്തുന്നത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ശിവനാഗേശ്വര ക്ഷേത്രത്തിലും ഇതിനു സമീപത്തുള്ള ആൽത്തറ ഭഗവതി ക്ഷേത്രത്തിലും മോഷണം നടന്നത്.
നാല് കാണിക്കവഞ്ചികളും 20,000-ഓളം രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ഇതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണപ്പൊട്ടും മറ്റും കണ്ടെത്തുന്നത്. മോഷ്ടാക്കൾ സ്കൂളിലെത്തി മോഷണ വസ്തുക്കൾ തിട്ടപ്പെടുത്തുന്നതിനിടെ സ്വർണപ്പൊട്ട് നഷ്ടപ്പെട്ടതായിരിക്കാം എന്നാണ് കരുതുന്നത്.
വിവരമറിഞ്ഞ് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മലയിൻകീഴ് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി യിട്ടുണ്ട്.