ചെറുതോണി: കാൽ നൂറ്റാണ്ട് മുൻപ് കഞ്ഞിക്കുഴി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിനായി നിർമിച്ച കെട്ടിടം ഇന്നും തുറക്കാതെ കാടുകയറി നശിക്കുന്നു.
പട്ടികജാതി വിഭാഗത്തിനനുവദിച്ച ഫണ്ടുപയോഗിച്ച് 25 വർഷം മുൻപ് നിർമിച്ച കെട്ടിടമാണ് തകർന്നുവീഴാറായ നിലയിലുള്ളത്.
കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാർഡായ ഇടുക്കി അടിമാലി റോഡിൽ അട്ടിക്കളത്താണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്.
പട്ടികജാതിക്കാർക്ക് സ്വയംതൊഴിൽ തുടങ്ങാനായി പഞ്ചായത്ത് നിർമിച്ചതാണ് കെട്ടിടം.
സ്വന്തം നാട്ടിൽ ഒരു പൊതുസ്ഥാപനം വന്നുകാണാനാഗ്രഹിച്ച് ചെറുതലക്കൽ പെണ്ണമ്മയെന്ന വയോധിക സൗജന്യമായി നൽകിയ ഒന്നര സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
ആഗ്രഹം സഫലീകരിക്കാതെ വർഷങ്ങൾക്കുമുൻപ് അവർ മരിച്ചു. പഞ്ചായത്ത് എല്ലാവർഷവും കെട്ടിടം ലേലത്തിനു ടെൻഡർ ക്ഷണിക്കാറുണ്ടെങ്കിലും ആരും ലേലം കൊള്ളാൻ വരാറില്ല.
ഇപ്പോൾ കാലപ്പഴക്കം മൂലം കെട്ടിടം തകർന്നുവീഴാറായിരിക്കുകയാണ്. ഷട്ടറുകൾ തുറക്കാൻ പറ്റാത്ത അവസ്ഥയിലും.