സ്വന്തംലേഖകൻ
തൃശൂർ: വിവാദമായ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെ റെയിൽ) അർധ അതിവേഗ പാതയായ സിൽവർ ലൈൻ പദ്ധതിയുടെ ആദ്യഘട്ടത്തിനു തൃശൂരിൽ തുടക്കം കുറിച്ചു. സ്ഥലത്തിന്റെ ഉടമകൾ പോലും അറിയാതെയാണ് ഉദ്യോഗസ്ഥരെത്തി കല്ലിട്ടു പോയിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി എത്തിയ ഉദ്യോഗസ്ഥർ കൂർക്കഞ്ചേരി സോമിൽ റോഡ് പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറന്പിലും പൂങ്കുന്നത്തുമാണു കല്ലുകൾ സ്ഥാപിച്ചത്. മഞ്ഞ നിറത്തിൽ പെയിന്റ്ടിച്ച കല്ലുകളാണ് ഇട്ടിരിക്കുന്നത്. ഇതിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
തങ്ങളോടു ചോദിക്കാതെയാണ് കല്ലുകൾ സ്ഥാപിച്ചതെന്നു സ്ഥലമുടമകൾ പറഞ്ഞു. കല്ലിട്ടതിൽ പ്രതിഷേധിച്ച് കെ റെയിൽ വിരുദ്ധ ജനകീയ സമിതി പ്രവർത്തകർ സ്ഥലത്തെത്തി. സാമൂഹിക ആഘാ ത പഠനത്തിന്റെ മുന്നോടിയായി അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തികളാണു പുരോഗമിക്കുന്നത്.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണു പാത നിർമിക്കുന്നത്. പാത യാഥാർഥ്യമാകുന്നതോടെ കാസർഗോഡുനിന്ന് നാലു മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെത്താം.തൃശൂർ ജില്ലയിലെ 35 വില്ലേജുകളിലൂടെയാണു പാത കടന്നുപോകുന്നത്.
തൃശൂർ, പൂങ്കുന്നം, വിയ്യൂർ, കുറ്റൂർ, പല്ലിശേരി, പേരാമംഗലം, ചൂലിശേരി, കൈപ്പറന്പ്, കാടുകുറ്റി, അണ്ണല്ലൂർ, ആളൂർ, കല്ലേറ്റുംകര, കല്ലൂർ തെക്കുമുറി, താഴേക്കാട്, കടുപ്പശേരി, മുരിയാട്, ആലത്തൂർ, ആനന്ദപുരം, മാടായിക്കോണം, പൊറത്തിശേരി, ഉൗരകം, ചേർപ്പ്, ചൊവ്വൂർ, വെങ്ങിണിശേരി, കണിമംഗലം, കൂർക്കഞ്ചേരി, ചെമ്മൻതട്ടി, ചേരാനല്ലൂർ, ചൂണ്ടൽ, ചൊവ്വന്നൂർ, എരനല്ലൂർ, പഴഞ്ഞി, പോർക്കളം, അഞ്ഞൂർ, അവനൂർ എന്നീ വില്ലേജുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുന്നത്.
ജില്ലയിലെ തൃശൂർ, പൂങ്കുന്നം, കൂർക്കഞ്ചേരി വില്ലേജുകളിലാണ് ഇപ്പോൾ കല്ലിട്ടു വരുന്നത്. പ്രതിഷേധം ശക്തമാകുമെന്ന് ഉറപ്പുള്ളതിനാൽ ആരോരുമറിയാതെയാണ് ഉദ്യോഗസ്ഥരെത്തുന്നത്.തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ആറു ജില്ലകളിലാണ് ഇപ്പോൾ കല്ലിടുന്നത്.
പതിനൊന്നു ജില്ലകളിലൂടെയാണു സിൽവർലൈൻ കടന്നു പോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടൽ ആരംഭിക്കും.കണ്ണൂർ ജില്ലയിലാണ് ഏറ്റവും കുടുതൽ കല്ലിടൽ പൂർത്തിയായത്. ഏഴു വില്ലേജുകളിലായി 21.5 കിലോമീറ്റർ നീളത്തിൽ 536 കല്ലുകൾ ഇവിടെ സ്ഥാപിച്ചു.
1961 ലെ കേരള സർവേ അതിരടയാള നിയമത്തിലെ 6 (1) വകുപ്പ് അനുസരിച്ച് സർവേ നടത്തുന്നതിനു മുന്നോടിയായാണു കല്ലിടൽ പ്രവൃത്തി നടക്കുന്നത്. സിൽവർ ലൈൻ കടന്നു പോകുന്ന പതിനൊന്നു ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്പെഷൽ തഹസിൽദാർമാരെ നിയോഗിച്ചിട്ടുണ്ട്.