കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഫോർട്ടുകൊച്ചിയിലെ നന്പർ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാട്ട് മരിച്ചവര്‍ക്കും സുഹൃത്തുക്കള്‍ക്കും ദുരുദ്ദേശ്യത്തോടെ മദ്യം നല്കിയെന്നു പോലീസ്.
മയക്കുമരുന്ന് കൈമാറിയെന്നു സംശയവുമുണ്ട്. ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേസിലെ ഒന്നാംപ്രതിയും അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവറുമായ അബ്ദുള്‍ റഹ്മാനും മരിച്ചവര്‍ക്കും ഹോട്ടലിലെ ഒന്നോ, രണ്ടോ നിലകളില്‍ വച്ചോ പാര്‍ക്കിംഗ് സ്ഥലം, ഡിജെ പാര്‍ട്ടി നടന്ന പ്രധാന ഹാള്‍ എന്നിവിടങ്ങളില്‍ വച്ചോ ഹോട്ടലുടമ റോയി മയക്കുമരുന്ന് കൈമാറിയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
യുവതികളടക്കം മരിച്ചതറിഞ്ഞ റോയ് ഹോട്ടലിലെ രാത്രി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ജീവനക്കാരുടെ സഹായത്തോടെ ഹോട്ടലിലെ സിസിടിവി കാമറകള്‍ ഓഫ് ചെയ്യുകയും റോയിയും മരിച്ചവരും ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞ കാമറ ഏതെന്ന് മനസിലാക്കിയശേഷം അത് നശിപ്പിക്കുകയുമാണ് ചെയ്തതെന്നും പോലീസ് പറയുന്നു.
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചെന്നും രാത്രി ഒമ്പതിനുശേഷം ബാര്‍ പ്രവര്‍ത്തിപ്പിച്ച് യുവതികളടക്കമുള്ളവര്ക്ക് മദ്യം നല്‍കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് പ്രതികള്‍ നശിപ്പിച്ചിട്ടുള്ളതെന്നാണ് പോലീസ് കരുതുന്നത്.
റോയിയുടെ നിര്‍ദേശ പ്രകാരം പ്രതികളിലൊരാളായ അനിലാണ് സിസിടിവി അഴിക്കുന്ന വിധം സര്‍വീസ് നടത്തുന്ന മെല്‍വിനോട് ഫോണില്‍ തിരക്കിയത്.
തുടര്‍ന്ന് അഴിക്കുന്ന ദൃശ്യങ്ങള്‍ വാട്സ്ആപ്പ് വഴി അയച്ച് വാങ്ങിയശേഷം ഇവ ലിന്സണ് റെയ്നോള്‍ഡിന് കൈമാറി.
ലിന്സണ് ഡിവിആറില്‍നിന്ന് ഹാര്‍ഡ് ഡിസ്ക് അഴിച്ചുമാറ്റി മെല്‍വിനെ ഏര്‍പ്പിക്കുകയും അഴിച്ചെടുത്ത ഹാര്‍ഡ് ഡിസ്കിന് പകരം മറ്റൊരു ശുന്യമായ ഹാര്‍ഡ് ഡിസ്ക് ഡിവിആറില്‍ ഘടിപ്പിക്കുകയും ചെയ്തു.
ദൃശ്യങ്ങളടങ്ങിയ ഡിസ്ക് മെല്വിന് പിന്നീട് ഷിജുലാലിനെ ഏല്‍പ്പിച്ചു. ഷിജുലാലും വിഷ്ണുകുമാറും ചേര്‍ന്നാണ് കണ്ണങ്ങാട്ട് പാലത്തില്‍നിന്നു ഹാര്‍ഡ് ഡിസ്ക് കായലിലേക്ക് എറിഞ്ഞതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
കേസ് അന്വേഷണം എറണാകുളം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തില്‍ വ്യാപകപരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കേസിലെ നിര്‍ണായക തെളിവായ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ച ഹാര്‍ഡ് ഡിസ്ക് വീണ്ടെടുക്കുകയാകും ക്രൈംബ്രാഞ്ചിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ജില്ല ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല.
ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെചോദ്യം ചെയ്തു തുടങ്ങി
കൊച്ചി: കാറപകടം നടന്ന ദിവസം രാത്രി ഫോർട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ പോലീസ് ചോദ്യം ചെയ്തു തുടങ്ങി.
നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്ക് ലഭിക്കാത്ത സാഹചര്യത്തില്‍ പരമാവധി തെളിവ് ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
പാലാരിവട്ടം സ്റ്റേഷനിലാണ് ഇന്നലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ചിലരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ആരൊക്കെ, ഏതൊക്കെ മേഖലകളില്‍നിന്നുള്ളവരുടെ സാന്നിധ്യമുണ്ടായിരുന്നു, ഹോട്ടലില്‍ അന്ന് അസ്വാഭാവിക സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിയുന്നത്. ഇവരുടെ മൊഴി നിർണായകമാകും.
ഓഡി കാര്‍ ഡ്രൈവര്‍ മുന്‍കൂര്‍ ജാമ്യം തേടി
കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ മൂന്നു പേർ കാറപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാറിനെ പിന്തുടർന്ന ഓഡി കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സൈജു എം. തങ്കപ്പന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചൂ.
ഹര്‍ജിക്കാരനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും സംഭവദിവസം ഡിജെ പാർട്ടി നടന്ന ഹോട്ടലിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അപകടം നടന്നു കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ ഇയാള്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നുവെന്നും ഇയാള്‍ ഫോര്‍ട്ടുകൊച്ചി ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.