പഴയങ്ങാടി: പ്രമുഖ സീരിയൽ നടി ശ്രീകലയുടെ കണ്ണപുരത്തെ വീട്ടിൽ കവർച്ച. 15 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. കഴിഞ്ഞ 15നായിരുന്നു സംഭവം.
ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്ന ശ്രീകലയുടെ വീട്ടിൽ സഹോദരി ശ്രീജയയും അച്ഛനുമാണ് താമസിക്കുന്നത്.
ഇരുവരും ജോലിക്കായി പുറത്തു പോയ സമയത്തായിരുന്നു കവർച്ചയെന്ന് കണ്ണപുരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
15ന് രാവിലെ ഇരുവരും ജോലിക്കു പോയി വൈകുന്നേരം തിരിച്ചുവന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വീടിന്റെ പിൻവശത്തെ ഗ്രിൽസ് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് മാലയും വളയും ഉൾപ്പെടെയുള്ള ആഭരണങ്ങൾ കവരുകയായിരുന്നു.
കണ്ണപുരം എസ്ഐയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.