തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് ഏർപ്പെടുത്തുന്ന സംവരണം നിലവിലെ സംവരണം അട്ടിമറിക്കാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നാക്ക സംവരണത്തിന്റെ വിവരശേഖരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണേതര വിഭാഗത്തിലെ ഒരു വിഭാഗം ദരിദ്രരാണ്. അവർക്കായിട്ടാണ് മുന്നാക്ക സംവരണം നടപ്പാക്കുന്നത്. ചിലർ കാര്യമറിയാതെ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും ഇത്തരക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംവരണേതര വിഭാഗത്തിലെ പരമ ദരിദ്രരരെ ഉദ്ദേശിച്ചാണ് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് 50 ശതമാനം സംവരണം പിന്നാക്ക വിഭാഗത്തിന് തന്നെയാണ്. ശേഷിക്കുന്ന 50 ശതമാനത്തിൽ നിന്നും 10 ശതമാനം സംവരണം മുന്നോക്കക്കാരിലെ ദരിദ്ര വിഭാഗത്തിന് നൽകുക എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസയം സർവേ വിവരശേഖരണം കുടുംബശ്രീയെ ഏൽപ്പിക്കുന്നതിനെ എൻഎസ്എസ് ശക്തമായി എതിർക്കുകയാണ്. വാർഡ് അംഗവും വില്ലേജ് ഓഫീസറും കുടുംബശ്രീ അംഗങ്ങളും ചേർന്ന് വേണം സർവേ നടപടികൾ തീരുമാനിക്കാൻ. അല്ലെങ്കിൽ സർവേ നടപടികൾക്ക് സെൻസസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.
മുന്നാക്ക സംവരണത്തിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ സർവേ രീതിയോട് എതിർപ്പുണ്ടെന്നും വേണ്ടി വന്നാൽ കോടതിയെ സമീപിക്കുമെന്നും എൻഎസ്എസ് വ്യക്തമാക്കിയിട്ടുണ്ട്.