കടുത്തുരുത്തി: മോഷണം, പ്രണയ ക്വട്ടേഷൻ, കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം, സ്്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലെത്തിയുള്ള ഒളിഞ്ഞുനോട്ടം,
കുളിമുറികളിൽ കാമറ സ്ഥാപിക്കൽ, കഞ്ചാവ് കൈമാറ്റം, ഓണ്‍ലൈൻ കളിയിൽ തോറ്റത് കളിയാക്കിയതിന് വീട് കയറി ആക്രമണം എന്നിങ്ങനെ ഒരിടവേളയ്ക്കുശേഷം കുറ്റകൃത്യങ്ങളുടെ ഹബ്ബായി കടുത്തുരുത്തി മാറുന്നു. ആശങ്കയിൽ പൊതുജനം.
ജനങ്ങളുടെ ഭയപ്പാടിന് അറുതി വരുത്തേണ്ട പോലീസാകട്ടെ സംഭവശേഷം അന്വേഷണത്തിനു പിന്നാലെ പോകുന്നതല്ലാതെ പ്രതികളെ പിടികൂടുന്നതിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തം.
പ്രതികളെ കണ്ടെത്താൻ കഴിയാത്തത് പോലീസിന്റെ വീഴ്ചയായി നാട്ടുകാർ വിമർശിക്കുന്പോഴും സുപ്രധാനമായ പല കേസുകളിലും വഴിത്തിരിവുണ്ടാക്കാനും പ്രതികളെ പിടികൂടാനും ചില സന്ദർഭങ്ങളിൽ പോലീസിന് കഴിഞ്ഞിട്ടുണ്ടെന്ന കാര്യവും വിസ്മരിക്കുന്നില്ല. കേസുകളുടെ വിശദാംശങ്ങളിലേക്ക് നോക്കാം…
സമീപത്തെ വീട്ടിലേക്കു പാലു വാങ്ങാൻ പോയ കുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുവാൻ ശ്രമം നടന്നത് വ്യാഴാഴ്ച വൈകൂന്നേരം 3.30നാണ്.
കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷൻ എസ്വിഡി റോഡിലാണ് സംഭവം. കടുത്തുരുത്തി കലങ്ങോട്ടിൽ മണിക്കുട്ടന്റെ ഒന്‍പതും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് തട്ടിക്കൊട്ടുപോകുവാൻ ശ്രമിച്ചത്.
കുട്ടികളുടെ ബഹളം കേട്ടു പാൽ വിൽക്കുന്ന വീട്ടുടമ നെയ്യത്തുംപറന്പിൽ സെബാസ്റ്റ്യൻ വീടിന് പുറത്തിറങ്ങി വന്നപ്പോഴേക്കും കാറിലെത്തിയവർ രക്ഷപ്പെട്ടു.
തുടർന്ന് കടുത്തുരുത്തി പോലീസിൽ വിവരമറിയിച്ചെങ്കിലും പോലീസ് സ്ഥലത്തെത്തിയില്ല. ഇന്നലെ രാവിലെ സ്റ്റേഷനിൽ എത്തി പരാതി നൽകിയശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു.
കാറിലുണ്ടായിരുന്നവർ തങ്ങളോട് കാറിൽ കയറാൻ പറഞ്ഞതായും വഴങ്ങാതെ വന്നപ്പോൾ ഒരാൾ ഡോർ തുറന്നു പുറത്തിറങ്ങിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പോലീസിന് കുട്ടികൾ മൊഴി നൽകിയതായി ഇവരുടെ പിതാവ് മണിക്കുട്ടൻ പറഞ്ഞു.
എന്നാൽ കുറവിലങ്ങാട് സ്വദേശികളായ രണ്ടുപേർ വഴി ചോദിച്ചെത്തിയതാണെന്നും സംഭവത്തിൽ ഉൾപ്പെട്ട ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞതായും എസ്ഐ ബിബിൻ ചന്ദ്രൻ പറഞ്ഞു.
കൗമാര പ്രണയ ക്വട്ടേഷൻ
പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടികൾ തമ്മിലുള്ള വാക്കുതർക്കം ചോദിക്കാനെത്തിയ ആണ് സുഹൃത്തുക്കൾ അയൽവാസിയെ കുത്തിയ സംഭവം നടന്നത് നവംബർ ഏഴിന് കടുത്തുരുത്തിക്കു സമീപം മങ്ങാട്ടിലാണ്.
ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റ സിപിഎം നേതാവ് അലരി പരിഷത്ത് ഭവനിൽ കെ.എൻ. അശോകൻ (54) രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.
സംഭവത്തിലുൾപ്പെട്ട കുറിച്ചി സ്വദേശി ജിബിനും തിരുവന്പാടി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനിയും തമ്മിൽ പ്രണയത്തിലായിരുന്നു.
തിരുവന്പാടി സ്വദേശിനിയുടെ സുഹൃത്തായ മങ്ങാട് സ്വദേശിനിയെ മറ്റൊരു പെണ്‍കുട്ടി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.
ജിബിനുമായുള്ള ബന്ധത്തിൽനിന്നും തിരുവന്പാടി സ്വദേശിനിയെ പിന്തിരിപ്പിക്കണമെന്നായിരുന്നു ഭീഷണി.
ഈ വിവരം മങ്ങാട് സ്വദേശിനി കൂട്ടുകാരിയെ അറിയിക്കുകയും ഇവർ ഇത് കാമുകനായ ജിബിനെ ധരിപ്പിക്കുകയും ചെയ്തു.
ഇതിനെ ചൊല്ലി പെണ്‍സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം പിന്നീട് സംഘർഷത്തിലെത്തിയപ്പോൾ തടയാനെത്തിയതാണ് അശോകൻ.
രണ്ടു പ്രതികളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. രക്ഷപ്പെട്ടവരിൽ ഒരാളെ പോലീസും പിടികൂടി. എന്നാൽ ഒരാളെ ഇനിയും പിടികൂടാനായിട്ടില്ല.
കഞ്ചാവ് കൈമാറ്റം
പച്ചക്കറി ലോറിയിൽ കഞ്ചാവ് കടത്തുന്നതിനിടെ കുപ്രസിദ്ധ ഗുണ്ടയെയും കൂട്ടാളികളേയും കുറുപ്പന്തറയിൽനിന്നും ഒരുവർഷം മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എക്സൈസ് സംഘത്തിന്റെ ജീപ്പ് വരുന്നതു കണ്ട് പോലീസാണെന്ന് കരുതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടയിൽ കുടുങ്ങിയ വാഹനത്തിൽ നിന്നും കഞ്ചാവും മയക്കുമരുന്നും പിടികൂടിയിരുന്നു.
കഞ്ചാവ് കൈമാറ്റത്തിന്റെ കൊച്ചിയ്ക്കും കോട്ടയത്തിനും ഇടയിലുള്ള ഇടത്താവളമായി കടുത്തുരുത്തി മാറി കഴിഞ്ഞു.
വീട് കുത്തിത്തുറന്നും മോഷണം
വയോധിക തനിച്ചു താമസിക്കുന്ന വീടിന്റെ അടുക്കള വാതിൽ തകർത്ത് അകത്തു പ്രവേശിച്ച മോഷ്ടാവ് 17 പവനും അയ്യായിരത്തോളം രൂപയും കവർന്നതും അടുത്തിടെയാണ്.
കടുത്തുരുത്തിക്കു സമീപം പാലകര മാമല വീട്ടിൽ ത്രേസ്യാമ്മ മാത്യു (82) വിന്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കളവശത്തെ രണ്ട് പാളിയായിട്ടുള്ള വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്.
തുടർന്ന് ഒരു മുറിക്കുള്ളിൽ പ്രവേശിച്ചു മേശയിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത ശേഷം സമീപത്തെ അലമാര തുറന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്.
മോഷണം നടന്ന വീട്ടിൽ നിന്നും മണം പിടിച്ചു പോലീസ് നായ സമീപത്തുള്ള ത്രേസ്യാമ്മയുടെ വാടക വീട്ടിലേക്ക് ഓടി കയറിയിരുന്നു. ഈ സംഭവത്തിലും പ്രതി ഇരുട്ടത്താണ്.
ഓണ്‍ലൈൻ ഗെയിമും ആക്രമണവും
ഓണ്‍ലൈൻ ഗെയിം കളിയിൽ തോറ്റതിന് കളിയാക്കിയ സഹകളിക്കാരനെയും കൂട്ടുകാരെയും ആക്രമിക്കാനായി ആലപ്പുഴ ചന്പക്കുളം സ്വദേശിയായ വിദ്യാർഥി കടുത്തുരുത്തിയിലെത്തിയിട്ടും അധികനാളായില്ല.
19കാരനായ വിദ്യാർഥിയാണ് പ്രായപൂർത്തിയാകാത്ത വിദ്യാർഥിയും സഹകളിക്കാരനുമായ ഒരാളെ ആക്രമിക്കാനായി കിലോമീറ്ററുകൾ താണ്ടി കടുത്തുരുത്തിയിലെത്തിയത്.
നാട്ടുകാരുടെ സമയോചിതമായ ഇപെടൽ മൂലം വിദ്യാർഥി പോലീസ് പിടിയിലായതോടെ സംഘർഷം ഒഴിവാകുകയായിരുന്നു.
കടുത്തുരുത്തി സ്വദേശിയായ വിദ്യാർഥിയും ഇയാളുടെ കൂട്ടുകാരും ചന്പക്കുളം സ്വദേശിയായ സഹകളിക്കാരനായ വിദ്യാർഥിയെ പരാജയപ്പെടുത്തി.
ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. പരസ്പരം ഇരുകൂട്ടരും തമ്മിൽ തർക്കവും ചീത്തവിളിയും ഉണ്ടായി.
തോറ്റ തന്നെ പരിഹസിച്ച കടുത്തുരുത്തിക്കാരനെയും ഇയാൾക്കൊപ്പമുള്ള സഹകളിക്കാരേയും തേടി ഇരുചക്രവാഹനത്തിൽ ചന്പക്കുളം സ്വദേശി കടുത്തുരുത്തിയിലെത്തുകയായിരുന്നു.
ഒളി കാമറ, ഒളിഞ്ഞുനോട്ടം
കാപ്പുന്തല പറന്പ്രത്തിന് സമീപം സ്ത്രീകൾ തനിച്ചു താമസിക്കുന്ന വീടുകളിൽ രാത്രികാലങ്ങളിലെത്തി ഒളിഞ്ഞു നോക്കുന്നതും ബാത്ത് റൂമുകളിൽ കാമറ വയ്ക്കുന്നതുമെല്ലാം അടുത്തിടെയുണ്ടായ സംഭവങ്ങളാണ്.
പുരുഷന്മാർ വിദേശത്തും മറ്റും ജോലി ചെയ്യുന്ന വീടുകളിലാണ് ശല്യം കൂടുതൽ. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതികളിലൊരാളെ കുറിച്ചു സൂചന നൽകിയെങ്കിലും ഇക്കാര്യത്തിലും തുടർ നടപടികളൊന്നും പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല.