അമ്പലപ്പുഴ : തോട്ടപ്പള്ളിയിലെ സജീവൻ തിരോധാനം ഒന്നര മാസം കഴിഞ്ഞിട്ടും, പോലീസ് അന്വേഷണം ഇരുട്ടിൽ തന്നെ. സിപിഎം തോട്ടപ്പള്ളി ബ്രാഞ്ചു കമിറ്റി അംഗമായ സജീവനെ കഴിഞ്ഞ സെപ്റ്റംബർ 29നാണ് കാണാതാക്കുന്നത്.
മത്സ്യബന്ധനം കഴിഞ്ഞ് വീടിന് സമീപമുള്ള ഹാർബറിൽ ഓട്ടോയിൽ വന്നിറങ്ങുകയായിരുന്നു. കണ്ടവരുണ്ട്. പിന്നെ എങ്ങോട്ടു പോയി. വീട്ടുകാര്യം നാട്ടുകാര്യം ആവർത്തിക്കുന്ന ചോദ്യമിതാണ്.
സംഭവം നാട്ടിൽ വലിയ ചർച്ചയായപ്പോൾ എച്ച് സലാം എംഎൽഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. തുടർന്നു ജില്ലാ പോലീസ് മേധാവി ജയദേവിന്റെ നിർദേശത്തെ തുടർന്നു പത്തംഗ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
അമ്പലപ്പുഴ സിഐ ദ്വിജേഷ് കുമാറിനെയാണ് അന്വേഷണം ചുമതല ഏൽപ്പിച്ചത്. സിപിഎം ലോക്കൽ കമിറ്റി അംഗത്തെ അടക്കം 100ൽ അധികം പേരെ പോലീസ് ഇതിനിടയിൽ ചോദ്യം ചെയ്തു.
തോരാ കണ്ണീരിൽ കുടുംബം
ഡോഗ് സ്ക്വാഡും സജീവന്റെ വസ്ത്രങ്ങളും സഞ്ചരിച്ച വഴികളും പരിശോധിച്ചു. ഇതിനിടയിൽ ചോദ്യം ചെയ്യലിൽ പോലിസ് മർദ്ദിച്ചെന്നാരോപിച്ചു ലോക്കൽ കമിറ്റി അംഗം മുഖ്യമന്ത്രിക്കടക്കം പരാതിയും നൽകിയിരുന്നു. ഇതോടെ അന്വേഷണം ഏതാണ്ട് മന്ദഗതിയിലാകുകയായിരുന്നു.
ഇതിനിടയിൽ കാണാതായ സജീവന്റെ ഭാര്യ സജിത ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയിരുന്നു. കോടതി സർക്കാരിനോടും പോലീസിനോടും വിശദീകരണവും തേടിയിരുന്നു.
ഭരണകക്ഷിയുടെ പ്രവർത്തകനാണെങ്കിലും തോട്ടപ്പള്ളി പൊഴി മുഖത്ത് കരിമണൽ ഖനനത്തിനെതിരായിരുന്നു സജീവൻ. ഖനനത്തിനെതിരെ നടക്കുന്ന സമരത്തിലും പങ്കാളിയായിരുന്നു.
ഇത് ചിലരെ രോഷാകുലരാക്കിയിരുന്നതായി സംസാരമുണ്ട്. രാഷ്ട്രീയ രംഗത്തും അല്ലാതെയുമുള്ള പല പ്രമുഖരെയും വേണ്ട വിധം കൈയിലെടുത്താണ് കരിമണൽ ലോഡ് ഇവിടെ നിന്ന് കയറ്റി വിടുന്നത്.
ഇതിന്റെപൂർണ ഉത്തരവാദിത്തം കരാറുകാരനുള്ളതാണ്. ഖനനത്തിനെതിരെ ചില സംഘടനകൾ നടത്തുന്ന സമരം പോലും ജനത്തിന്റെ കണ്ണിൽ പൊടിയിടൽ മാത്രമെന്നാണ് ആക്ഷേപം.
എന്തായാലും സെപ്റ്റംബർ 29 ന് ദുരൂഹ സാഹചര്യത്തിൽ മറഞ്ഞ സജീവന് വേണ്ടി തോരാ കണ്ണീരുമായി കഴിയുകയാണ് വ്യദ്ധമാതാവും ഭാര്യയും അടങ്ങിയ കുടുബം.
സജീവന്റെ തിരോധാനത്തിലെ ദുരൂഹത അന്വേഷിക്കുന്ന പോലിസ് സംഘത്തിന്മേൽ മുകളിൽ നിന്നുള്ള സമ്മർദ്ദമേറുന്നതായും സേനയിൽ തന്നെ സംസാരമുണ്ട്. സ്വതന്ത്ര അന്വേഷണത്തിന് അവസരമുണ്ടായാൽ സജീവനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.