കാഞ്ഞങ്ങാട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കുടുംബിനിയായ യുവതിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൈയൊഴിഞ്ഞ യുവാവ് അറസ്റ്റില്‍.
ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയിലെ സന്ദീപി(29)നെയാണ് യുവതിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സ്ഥലംവിടാന്‍ ശ്രമിക്കുമ്പോള്‍ പിടികൂടിയത്.
രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ ഇയാള്‍ നേരത്തേ പലവട്ടം വിവാഹവാഗ്ദാനം നല്കി കാഞ്ഞങ്ങാട് നഗരത്തിലെ ലോഡ്ജുകളിലും റാണിപുരത്തും എത്തിച്ചിരുന്നു.
കുടുംബത്തെ ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ സന്നദ്ധയായിട്ടാണ് കഴിഞ്ഞ ദിവസം യുവതി എത്തിയത്. എന്നാല്‍ ഇതിന് തയാറാകാതെ ഇയാള്‍ കൈയൊഴിഞ്ഞപ്പോള്‍ യുവതി കുഴഞ്ഞുവീഴുകയായിരുന്നു.
ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ച ശേഷം ഇയാള്‍ സ്ഥലംവിടാന്‍ ശ്രമിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ തടഞ്ഞുനിര്‍ത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്.