പ്രദീപ് ഗോപി
കൊല്ലത്ത് ദേവനന്ദന എന്ന പെൺകുട്ടിയെ കാണാതായപ്പോൾ ഇതുവരെ കേരളത്തിൽ ഉണ്ടാകാത്ത തരത്തിലുള്ള ജാഗ്രതയോടെയാണ് പൊതുജനങ്ങളും പൊലീസും മാധ്യമങ്ങളും സോഷ്യൽ മീഡിയയും കുട്ടിക്കു വേണ്ടിയുള്ള തെരച്ചിലിൽ പങ്കാളികളായത്.
എന്നാൽ ആ കുരുന്നിനെ ജീവനോടെ കണ്ടെത്താനായില്ല… അതൊരു അപകടമരണമായിരുന്നു.
കുട്ടികളെ കാണാതാകുന്ന സംഭവങ്ങളിൽ ആ ജാഗ്രത മാതാപിതാക്കളും പൊതുജനങ്ങളും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും അധികൃതരും തുടരുക തന്നെ വേണം…
കണ്ണിലെണ്ണയൊഴിച്ച് നമ്മളെല്ലാം നമ്മുടെ കുരുന്നുകൾക്കായി ജാഗരൂഗരായിരിക്കുക തന്നെ വേണം…
കാണാതായ പെൺകുട്ടികളെക്കുറിച്ചുള്ള അന്വേഷണം പലപ്പോഴും ചെന്നെത്തുന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളിലേക്കാണ്.
ബാലികമാരെ വരെ പീഡിപ്പിച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുന്നു.
കൊല്ലം അന്പലംകുന്നിലെ ബിനില എന്ന അഞ്ചു വയസുകാരിയെ മറക്കാനാകുമോ നമുക്ക്?
ബിനിലയുടെ മൃതദേഹം കണ്ടെത്തിയത് അയൽവാസിയുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്നാണ്. സംഭവത്തിൽ അയൽവാസിയായ പതിനഞ്ചുകാരനെയാണ് പോലീസ് പിടികൂടിയത്. മാനഭംഗത്തിനിടെയാണ് ആ കുരുന്ന് കൊല്ലപ്പെട്ടത്.
തൃശൂർ ചെന്ത്രാപ്പിന്നിയിലെ ജാസിയ എന്ന ഏഴുവയസുകാരി മാനഭംഗത്തിനിടെ കൊല്ലപ്പെട്ടതും ഇനിയും മറക്കാനായിട്ടില്ല.
ഈ സംഭവത്തിൽ അറസ്റ്റിലായത് ഒരു പതിനാറു വയസുകാരനായിരുന്നു. ജാസിയയുടെ മൃതദേഹം കണ്ടെത്തിയത് അടുത്തുതന്നെ നിർമാണത്തിലിരുന്ന വീടിനുള്ളിൽ ചാക്കിൽ കെട്ടിവച്ച നിലയിലായിരുന്നു.
നിയന്ത്രണം വേണം…
പഴയ കാലം മാറിയിരിക്കുന്നു. കുട്ടികളിലും ഇത്തരം ക്രിമിനൽ മനോഭാവം വളർന്നിരിക്കുന്നു എന്നു വേണം കരുതാൻ. പണ്ടത്തെ പോലെയല്ല,
ഇന്ന് കൊച്ചു കുട്ടികളുടെ കൈയിൽ പോലും മൊബൈൽ ഫോണും ഇന്റർനെറ്റും കളിപ്പാട്ടം പോലെ ആയിരിക്കുന്നു. കോവിഡ് കാലത്ത് പഠനം ഓൺലൈനിലായതോടെ കുട്ടികൾക്ക് മൊബൈൽ ഫോൺ അനിവാര്യമായി.
മാതാപിതാക്കളും അവർക്ക് ഫോൺ നൽകാൻ നിർബന്ധിതരായി. കുട്ടികൾ ഇതോടെ വിദ്യാസന്പന്നരായ മാതാപിതാക്കളേക്കാളും ഫോൺ ഉപയോഗത്തിൽ മിടുക്കരായി.
ഇതും വലിയ സാമൂഹിക പ്രശ്നമായി മാറിയിട്ടുണ്ട്. അശ്ലീല വീഡിയോകൾ കണ്ട് ആകൃഷ്ടരായി കുട്ടികൾ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന സംഭവങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് ആരാണ് എന്താണ് എന്നു പോലും അറിയാത്തവർക്കൊപ്പം ജീവിക്കാൻ രക്തബന്ധങ്ങൾ മറന്ന് കൗമാരക്കാർ ഒളിച്ചോടുന്ന സംഭവങ്ങൾ കേരളത്തിൽ നടക്കുന്നു.
പാലക്കാട് നിന്നു കഴിഞ്ഞയാഴ്ച കാണാതായി പിന്നീട് തമിഴ്നാട്ടിൽ നിന്നു കണ്ടെത്തിയ രണ്ടു പെൺകുട്ടികൾ ഇതിന് ഉദാഹരണം.
നീണ്ട നാളത്തെ ഓൺ ലൈൻ ക്ലാസ് കഴിഞ്ഞു സ്കൂളുകളിലേക്കെത്തിയ കുരുന്നുകൾക്ക് പ്രത്യേക ക്ലാസുകളും കൗൺസിലിംഗും അത്യാവശ്യമാണ്. ഇക്കാര്യത്തിൽ സർക്കാരും സ്കൂൾ അധികൃതരും മുൻകൈ എടുക്കുക തന്നെ വേണം.
കാണാതാകുന്ന പെൺകുട്ടികളിൽ പലരും പലപ്പോഴും എത്തിപ്പെടുന്നത് വലിയ സെക്സ് റാക്കറ്റുകളിലായിരിക്കും. കൊടിയ പീഡനങ്ങൾക്കൊടുവിൽ ഇവരിൽ ചിലർ കൊല്ലപ്പെടുന്നു, ചിലർ ജീവൻ അവസാനിപ്പിക്കുന്നു.
രാജ്യത്ത് വളർന്നുവരുന്ന സെക്സ് ടൂറിസവും കുട്ടികളുടെ തിരോധാനത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഏജന്റുമാർ വിദേശ ടൂറിസ്റ്റുകൾക്ക് നൽകുന്ന മുഖ്യവാഗ്ദാനം കൗമാരക്കാരായ പെൺകുട്ടികൾ യഥേഷ്ടം ലഭ്യമാണ് എന്നാണ്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ഏതാനും വർഷം മുന്പ് നടത്തിയ പഠനത്തിൽ പറയുന്നതാണിത്.
ഇനിയും തുടരുന്നു…
കേരളത്തിൽ ഭിക്ഷാടനം നിരോധിച്ചതോടെ കാരുണ്യത്തിനായി നീട്ടുന്ന കൈകൾ ഇന്ന് നമ്മുടെ സംസ്ഥാനത്ത് കാണാനില്ല.
എന്നാൽ ഇവിടെ നിന്നു കാണാതാകുന്ന കുട്ടികൾ ഇതരസംസ്ഥാനങ്ങളിൽ ഭിക്ഷാടന മാഫിയകളുടെ കൈയിൽപ്പെട്ട് കുട്ടിയാചകരായി അലയുന്നുണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്.
ഭിക്ഷ കിട്ടാൻ ഇവരെ പൊള്ളിച്ചും വികലാംഗരാക്കിയും ഈ മാഫിയ പണം കൊയ്യുന്നുണ്ടത്രേ…
ബാലവേല രാജ്യത്ത് നിരോധിച്ചിട്ടും പലയിടത്തും ഇത് നിർബാധം തുടരുകയാണ്. തട്ടിയെടുക്കുന്ന കുട്ടികളെ രഹസ്യമായി ബാലവേല ചെയ്യിക്കുന്നതും ഇന്നും പലയിടത്തും തുടരുന്നു.
കേരളത്തിൽ ബാലവേലയ്ക്കു കടുത്ത നിയന്ത്രണം വന്നതോടെ ബാലവേലയ്ക്കായി ഇവിടെ നിന്നു തട്ടിയെടുക്കുന്നവരെ ഇതരസംസ്ഥാനങ്ങളിലേക്കു കടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞയാഴ്ചയും എറണാകുളത്ത് ബാലവേലയ്ക്കായെത്തിച്ച കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി മോചിപ്പിച്ചിരുന്നു.
അവയവമാഫിയയും കുട്ടികളെ കാണാതാകുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു.
കാണാതായ ചില കൗമാരക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോൾ ചില ആന്തരിക അവയവങ്ങൾ കാണാതെ വരികയും ചെയ്ത സംഭവങ്ങൾ പുറത്തു വന്നിരുന്നു.
ഇതു വിരൽചൂണ്ടുന്നത് കുട്ടികളുടെ തിരോധാനത്തിനു പിന്നിലെ അവയവ മാഫിയയുടെ പങ്കാണ്.
(തുടരും)