കുറവിലങ്ങാട്: വിൻ-വിൻ ലോട്ടറിയുടെ ഒന്നാംസമ്മാനം നേടിയത് ആരെന്ന ഒരു പകൽ മുഴുവൻ നീണ്ട അന്വേഷണം എത്തിച്ചേർന്നത് കെട്ടിടനിർമാണ തൊഴിലാളിയായ ഗിരീഷ് കുമാറിന്റെ വാടകവീട്ടിൽ.
വിൻ-വിൻ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 75 ലക്ഷം രൂപയുടെ ഉടമ താനാണെന്ന് അറിഞ്ഞിട്ടും വിവരം പുറത്തറിയാതെ ഗിരീഷ്കുമാർ കാത്തുസൂക്ഷിച്ചത് ഒരു രാത്രി മുഴുവനുമായിരുന്നു.
വാടകവീട്ടിലേക്കുള്ള യാത്രയിലും വാടകവീട്ടിലും ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് സുരക്ഷിതമായിരിക്കുമോയെന്ന ആശങ്കയിലാണ് സമ്മാനം ലഭിച്ച ടിക്കറ്റ് തന്റെ കൈയിലുണ്ടെന്ന് ഗിരീഷ്കുമാർ ആരോടും പറയാതിരുന്നത്.
കുറവിലങ്ങാട്ടെ കടയിലെത്തി താൻ വാങ്ങിയ രണ്ടു ടിക്കറ്റുകളിലൊന്നിന് പ്രോത്സാഹന സമ്മാനം ഉണ്ടെന്ന് ഉറപ്പാക്കിയതിനൊപ്പം ഒന്നാം സമ്മാനമായ ടിക്കറ്റ് തന്റെ കൈയിലുണ്ടെന്നും ഗിരീഷ്കുമാറിനു മനസിലായിരുന്നു.
എന്നാൽ വിവരം ആരോടും പറയാതെ മണ്ണയ്ക്കനാട്ടെ വാടകവീട്ടിലേക്കു പോകുകയായിരുന്നു.
വടക്കേനിരപ്പ് മേപ്പാടം കുടുംബാംഗമായ ഗിരീഷ്കുമാർ ഭാര്യ ബിന്ദുവിനൊപ്പം മണ്ണയ്ക്കനാട്ടെ വാടകവീട്ടിലായിരുന്നു താമസം.