ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചലച്ചിത്രം ചുരുളിയ്ക്കെതിരേ ശുഭാനന്ദ ഗുരുദേവ അനുയായികള്‍ പോസ്റ്റര്‍ കത്തിച്ച് പ്രതിഷേധിച്ചു.
ശുഭാനന്ദ ഗുരുദേവന് എഴുതിയ ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബംഎന്ന കീര്‍ത്തനം സിനിമയില്‍ ആശ്രമത്തിന്റെ അനുവാദം കൂടാതെ കള്ളുഷാപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്.
മാന്നാര്‍ കുറ്റിയില്‍ ജങ്ഷനിലായിരുന്നു പോസ്റ്റര്‍ കത്തിച്ചത്. രാജേഷ് ബുധനൂര്‍, മനോജ്പരുമല, സന്തോഷ് കുട്ടമ്പേരൂര്‍, ഓമനക്കുട്ടന്, മനു മാന്നാര്‍, അജേഷ്, വിനു എന്നിവര്‍ സംസാരിച്ചു.
സംഭവം മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു കുട്ടമ്പേരൂര്‍ ശുഭാനന്ദാശ്രമം അധികൃതര്‍ അറിയിച്ചു.
സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ ഇക്കഴിഞ്ഞ 19നാണ് ചുരുളി പ്രദര്‍ശനത്തിനെത്തിയത്. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, ഗീതി സംഗീത, സൗബിന് ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടത്.
ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ്പെന്റയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഒരു കാടാണ് ചിത്രത്തിന്റെ പശ്ചാത്തലം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.
ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ തെറിപ്രയോഗങ്ങള്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇതിന് പിന്നാലെ ചുരുളിയുടെ ഓടിടി പതിപ്പ് സെന്‍സേര്‍ഡ് അല്ലെന്ന് വ്യക്തമാക്കി സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തുകയും ചെയ്തു