കോട്ടയം: റസ്റ്ററന്റിലെ ഗൂഗിൽ പേയുടെ ക്യുആർ കോഡ് മാറ്റി പണം തട്ടിയെടുത്തയാളെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കണ്ടാശങ്കടവ് പനയ്ക്കൽ ബിനോജ് കൊച്ചുമോനെയാണ് അറസ്റ്റ് ചെയ്തത്.
കോട്ടയം കളത്തിപ്പടിയിലെ ഷഫ് മാർട്ടിൻ റസ്റ്ററന്റിലെ മാനേജരായ ബിനോജ് റസ്റ്ററന്റിലെ ഗൂഗിൽ പേ യുടെ ക്യുആർ കോഡിനു പകരം സ്വന്തം അക്കൗണ്ടിന്റെ ക്യുആർ കോഡ് ഫ്രണ്ട് ഡെസ്കിൽ പ്രദർശിപ്പിക്കുകയായിരുന്നു.
കസ്റ്റമേഴ്സ് ഗൂഗിൽ പേ വഴി സ്കാൻ ചെയ്തു നല്കിയിരുന്ന പണമാണ് ഇയാൾ തട്ടിയെടുത്തിരുന്നത്.
ഏതാനും ദിവസങ്ങളായി ക്യുആർ കോഡ് വഴി ലഭിച്ചിരുന്ന പണത്തിൽ കുറവു വന്നതോടെ ഉടമയ്ക്കു സംശയം തോന്നുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
എന്നാൽ, ഭക്ഷണം കഴിക്കാൻ എത്തുന്നവരിൽ പലരും പണം ഗൂഗിൽ പേ വഴി നല്കുന്നതു കണ്ടതോടെ സംശയമായി.
തുടർന്നു സുഹൃത്തിനെ ഭക്ഷണം കഴിക്കുന്നതിനായി റസ്റ്ററന്റിലേക്ക് അയയ്ക്കുകയായിരുന്നു. പണം ഗൂഗിൽ പേ വഴി നല്കിയശേഷം ബില്ല് നിർബന്ധമായി വാങ്ങി ഉടമയെ അറിയിച്ചു.
ഇതോടെയാണ് തട്ടിപ്പ് മനസിലായത്. കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ റിജോ പി. ജോസഫ്, എസ്ഐ അനീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.