തിരുവനന്തപുരം: നേതൃനിരയിലുള്ളവർ ലാളിത്യം മുഖമുദ്രയാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. നേട്ടവും കോട്ടവും സ്വയം തിരിച്ചറിഞ്ഞ് അവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി ഭാരവാഹികൾക്കും നിർവാഹക സമിതി അംഗങ്ങൾക്കുമായി നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിൽ കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിക്കുന്നത്. താഴെത്തട്ടിൽ പാർട്ടി സംവിധാനം നിർജീവമാണ്.അതിനെ ചലനാത്മകമാക്കാനും ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളിലൂടെ സാധിക്കും.
വിഭാഗീയതയും വ്യക്തിവൈര്യവും പാർട്ടിക്ക് ഗുണം ചെയ്യില്ല. നാം ഐക്യത്തോടെ നീങ്ങിയാൽ കേരളത്തിൽ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
കാട്ടാളഭരണത്തിനെതിരേ പോരാടാൻ ഏറ്റവും അനുയോജ്യമായ രാഷ്ട്രീയകാലാവസ്ഥ നിലവിലുണ്ട്.ഇന്ധനവില വർധനവിനെതിരേ നടത്തിയ പ്രക്ഷോഭവും മുല്ലപ്പെരിയാർ സമരവുമൊക്കെ നല്ല ചലനമുണ്ടാക്കി.
തുടർ സമരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്നു സുധാകരൻ പറഞ്ഞു.