ചാവക്കാട്: ഷാഡോ പോലീസ് ചമഞ്ഞ് സ്കൂട്ടർ തടഞ്ഞുനിർത്തി 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാളെ വീണ്ടും പിടികൂടി.മാള പൊയ്യ കോളംവീട്ടിൽ ജിബിൻരാജിനെ(48)യാണ് എസ്എച്ച്ഒ കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
തട്ടിപ്പു കേസിൽ നേരത്തെ അറസ്റ്റിലായ ജിബിൻരാജ് കോടതിയിൽനിന്നു ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. നാലുവർഷത്തിനുശേഷമാണ് അറസ്റ്റു ചെയ്തത്.
2017 ഏപ്രിൽ 15 നായിരുന്നു പോലീസ് ക്വാർട്ടേഴ്സിനു സമീപം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അബ്ദുൾ വഹാബിനെ തടഞ്ഞുനിർത്തി പത്തുലക്ഷം രൂപ തട്ടിയെടുത്തത്.
ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർ കാറിൽ എത്തി തടഞ്ഞാണ് ഷാഡോ പോലീസാണെന്നു പറഞ്ഞ് അബ്ദുൾ വഹാബിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയത്. സംഭവത്തിൽ നാലുപേരെയും അറസ്റ്റു ചെയ്തു.
ജാമ്യത്തിൽ ഇറങ്ങി ജിബിൻരാജ് ഒളിവിൽ പോയി. രാത്രി വീട്ടിൽ വരുന്നുണ്ടെന്നറിഞ്ഞാണ് അറസ്റ്റ്. എസ്ഐ എം. യാസിൻ, എഎസ്ഐ വിനോദ്, സിപിഒമാരായ എസ്. ശരത്ത്, കെ. ആശിഷ്, ജെ.വി. പ്രദീപ്, സി. ജയകൃഷ്ണൻ, എൻ. റസൽ, കെ.സി. ബിനീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.