തൊടുപുഴ: പാറക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. വണ്ണപ്പുറം ഒടിയപാറ മൈലാടൂർഭാഗം കിഴക്കേടത്ത് ജോണിന്റെ മകൻ അനീഷ് ജോണ് (43), ഇയ്യനാട്ട് പരേതനായ രാഘവന്റെ മകൻ രതീഷ് (29) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാവിലെ ഒടിയപാറക്ക് സമീപം കുരിശുംതൊട്ടിയിൽ പ്രവർത്തിക്കുന്ന കക്കാട്ട് ക്രഷറിന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ കണ്ടെത്തിയത്.
പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു. ആന്പൽപ്പൂവ് പറിക്കാൻ കുളത്തിലിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണു പോലീസിന്റെ നിഗമനം.ഞായറാഴ്ച മുതൽ ഇവർ വീട്ടിലെത്തിയിരുന്നില്ല.
പെയിന്റിഗ് ജോലിയുടെ ഭാഗമായി ദിവസങ്ങളോളം വീട്ടിൽ നിന്നും മാറി നിൽക്കുന്ന ശീലമുള്ളതിനാൽ മറ്റെവിടെയെങ്കിലും ജോലിക്കായി പോയതാണെന്നാണ് വീട്ടുകാർ കരുതിയത്. ഞായറാഴ്ച ഒടിയപാറ ഷാപ്പിൽ ഇവർ എത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ പുല്ലുവെട്ടാനെത്തിയ സ്ത്രീകളാണ് കുളത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത്. കാളിയാർ പോലീസും തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും എത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു.
വർഷങ്ങൾക്ക് മുന്പേ പാറ ഖനനം നിർത്തിയ ക്വാറിയിലെ കുളത്തിലാണ് മൃതദേഹങ്ങൾ കിടന്നത്. രണ്ട് മാസമായി ക്രഷറും പ്രവർത്തന രഹിതമായിരുന്നു. കുളത്തിന്റെ കരയിൽ ഇരുവരുടേയും തുണി, മൊബൈൽ ഫോണുകൾ, പഴ്സ് എന്നിവ കണ്ടെത്തി. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തിന്റെ പഴക്കമുണ്ടായിരുന്നു.
ജില്ലാ ആശുപത്രിയിൽ ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇരുവരും അവിവാഹിതരാണ്.