കണ്ണൂർ: ബന്ധുവിനെ വാഹനമിടിച്ച് പരിക്കേൽപിച്ചശേഷം മുങ്ങിനടക്കുകയായിരുന്ന പ്രതി 31 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ.
വളപട്ടണം സ്വദേശി പുതിയ മഠത്തിൽ അഷ്റഫി(59)നെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത്. 1990ലാണ് കേസിനാസ്പദമായ സംഭവം.
കുടുംബ വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അഷ്റഫ് ബന്ധുവിനെ വാഹനമുപയോഗിച്ച് ഇടിച്ച് അപകടപ്പെടുത്തുകയായിരുന്നു.
ബന്ധുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസായതിനെ തുടർന്ന് ഇയാൾ മുങ്ങുകയായിരുന്നു. ഇയാൾ എവിടേക്കാണ് മുങ്ങിയതെന്ന് ഇത്രകാലമായിട്ടും ബന്ധുക്കൾക്ക് പോലും അറിയില്ലായിരുന്നു.
വിദേശത്തേക്ക് കടന്നെന്നാണ് കരുതിയിരുന്നത്. എന്നാൽ എല്ലാവരുടെയും കണ്ണുവെട്ടിച്ച് പ്രതി കണ്ണൂർ കേന്ദ്രീകരിച്ച് റിയൽഎസ്റ്റേറ്റ് ബിസ്നസ് ചെയ്തുവരുകയായിരുന്നു.
ആർക്കും പിടികൊടുക്കാതെ അഷറഫ് പലതവണകളായി വളപട്ടണം അടക്കമുള്ള സ്ഥലത്തുമെത്തിയിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം പോലീസ് താണയിലെ അഷറഫിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ് എച്ച് ഒ രാജേഷ് മരങ്ങാലത്ത്, പ്രിൻസിപൽ എസ്ഐ ദിജേഷ്, നാരായണൻ നമ്പൂതിരി, സിപിഒമാരായ ശ്രീജിത്ത്, ലെവിൻ, ജോബി എന്നിവരടങ്ങുന്ന സംഘമാണ് അഷറഫിനെ പിടികൂടിയത്.