ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തികളിൽ ആരംഭിച്ച കർഷക സമരം ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു.
നിയമം പിൻവലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയും സമരവേദികളിലേക്ക് ആയിരക്കണക്കിന് കർഷകരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
സിംഗു, തിക്രി അതിർത്തികളിലെ സമരവേദികളിലേക്ക് വ്യാഴാഴ്ച പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് നിരവധി കർഷകരാണ് റോഡ്, റെയിൽ മാർഗം എത്തിയത്.
പാസാക്കിയ മൂന്നു നിയമങ്ങളും പാർലമെന്റിൽ നിയമം വഴി പിൻവലിക്കണം, മിനിമം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ വേണം, മരിച്ച കർഷകരുടെ ആശ്രിതർക്കു നഷ്ടപരിഹാരം നൽകണം, കർഷകർക്കെതിരേ ചുമത്തിയ കേസുകൾ പിൻവലിക്കണം, സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരുടെ പേരിൽ സ്മാരകം പണിയണം എന്നിവയാണ് നിയമങ്ങൾ പിൻവലിച്ച ശേഷവും കർഷകർ സർക്കാരിനു മുന്നിൽ വച്ചിരിക്കുന്ന ഉപാധികൾ.
പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന 29ന് ട്രാക്ടർ റാലി നടത്തുമെന്നും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.