കാട്ടാക്കട: വിരുന്നെത്തിയ ചിത്രശലഭ വവ്വാൽ നാട്ടുകാരിൽ കൗതുകമുണർത്തി. കാട്ടാക്കട മുതിയാവിള ചെമ്പകത്തിൻമൂട് എൻഎസ് മൻസിലിൽ ഷനൂപിന്റെ വീട്ടിലാണ് ചിത്രശലഭ വവ്വാലെത്തിയത്.
ഇന്നലെ രാവിലെയാണ് വീട്ടിനുള്ളിലെ ഭിത്തിയിൽ പറ്റിപിടിച്ചിരുന്ന ജീവിയെ വീട്ടുകാർ കാണുന്നത്. കുഞ്ഞു തലയും കുഞ്ഞു ഉടലുമുള്ള ഇതിന്റെ കറുത്ത ചിറകുകളിൽ ഓറഞ്ച് നിറത്തിലെ വര കൗതുകം ഉണർത്തുന്നതാണെന്നും ആദ്യം കണ്ടപ്പോൾ വവ്വാലാണോ ശലഭമാണോയെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വീട്ടുകാർ പറഞ്ഞു.
പിടികൂടിയ വവ്വാലിനെ പരുത്തിപള്ളി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. ഇന്ത്യ കൂടാതെ ഇന്തോനേഷ്യ, നേപ്പാൾ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ശലഭ വവ്വാലിനെ മുൻപ് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലും വിവിധയിടങ്ങളിൽ ഇവയുടെ അപൂർവ സാന്നിധ്യമുണ്ട്. പുഴുക്കളെയും ചെറു പ്രാണികളെയുമാണ് സാധാരണ ഇവ ഭക്ഷണമാക്കുന്നത്.
അപൂർവ ഇനത്തിൽ പെട്ട ഇത്തരം ജീവികളെ ഏറ്റെടുത്താൽ അതിന്റെ സ്വതന്ത്ര ആവാസവ്യവസ്ഥയിലേക്ക് തന്നെ വിടുകയോ മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയോ ചെയ്യുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.