ചങ്ങനാശേരി: ഹെറോയിനുമായി പായിപ്പാട്ട് പിടിയിലായ ഇതര സംസ്ഥാനക്കാരനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചു. മാൾഡ സ്വദേശി മോസറിക് കൗണ് അലാം(32)നെയാണ് തൃക്കൊടിത്താനം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
മുന്പും തൃക്കൊടിത്താനത്ത് താമസിച്ചിരുന്ന ഇയാൾ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പമാണ് കഴിഞ്ഞിരുന്നതെങ്കിലും ഇയാൾ ജോലിക്കു പോയിരുന്നില്ല. മറ്റുള്ള തൊഴിലാളികൾ ജോലിക്കു പോകുന്പോഴും ഇയാൾ മുറിക്കുള്ളിൽ കഴിച്ചു കൂട്ടുകയാണ് ചെയ്തിരുന്നത്.
ചില രാത്രികളിൽ ഇയാൾ പുറത്ത് പോയാൽ പിന്നീട് രാവിലെ മാത്രമേ മടങ്ങി എത്തിയിരുന്നുള്ളു. മുന്പ് ഇയാൾ കഞ്ചാവ് എത്തിച്ചിട്ടുണ്ടെങ്കിലും ഹെറോയിൻ ആദ്യമായിട്ടാണ് വില്പനയ്ക്കു എത്തിച്ചതെന്നാണ് പോലീസ് ലഭിച്ചിരിക്കുന്ന വിവരം.
നാളുകൾക്കുശേഷം കഴിഞ്ഞ ദിവസമാണ് ഇയാൾ വീണ്ടും നാട്ടിലെത്തിയത്. ഇതര സംസ്ഥാനക്കാരാണ് പ്രധാനമായും ഇയാളുടെ പക്കൽ നിന്നും കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വാങ്ങി ഉപയോഗിച്ചിരുന്നത്. പിടിയിലായ പ്രതി ഹെറോയിൻ ഉപയോഗിക്കുന്ന വിധവും പോലീസിനു മുന്നിൽ വിവരിച്ചു കൊടുത്തു.
ഒരു നുള്ള് ഹെറോയിൻ അലൂമിനിയം ഫോയിൽ പേപ്പറിൽ വച്ച്ചൂടാക്കി ബീഡിക്കുള്ളിൽ തെറുത്ത് വലിക്കുന്ന രീതിയായിരുന്നു ഇയാളുടേതെന്നും പോലീസ് പറഞ്ഞു.
ഹെറോയിൻ വാങ്ങാമെന്ന് ആരോ അറിയിച്ചതിനുസരിച്ചു പായിപ്പാടിനടുത്തുള്ള മുണ്ടുകോട്ട വെയ്റ്റിംഗ് ഷെഡിൽ വിൽപ്പന നടത്താനിരിക്കെയാണ് തൃക്കൊടിത്താനം എസ്ഐ അഖിൽദേവും നാർക്കോട്ടിക് സംഘത്തിൽപ്പെട്ട പോലീസുകാരും ചേർന്ന് ഇയാളെ പിടികൂടിയത്.
രണ്ട് പ്ലാസ്റ്റിക് കൂടുകളിലായി പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഹെറോയിനാണ് കണ്ടെടുത്തത്. ഹെറോയിൻ എത്തിക്കാൻ ഇയാൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പരിശോധനകൾ കർശനമാക്കി
ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലും ലഹരി മരുന്ന മാഫിയകൾ പിടിമുറുക്കിയതോടെ പോലീസും എക്സൈസും പരിശോധനകൾ കർശനമാക്കി.
മയക്കുമരുന്നു വിൽപ്പന കേസുകളിൽ ഉൾപ്പെട്ട് ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയശേഷം വീണ്ടും ഈ രംഗത്തു സജീവമായ സംഘങ്ങളെക്കുറിച്ചും പോലീസും എക്സൈസും നിരീക്ഷണം നടത്തുന്നുണ്ട്.
ലഹരി ഉൽപ്പന്നങ്ങളുടെ വിൽപനയും ഉപയോഗവും വ്യാപകമായ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവിധ ക്യാന്പുകളിൽ പോലീസ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പായിപ്പാട്, തെങ്ങണാ പ്രദേശങ്ങളിലെ ക്യാന്പുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം ജലനിരപ്പുയർന്ന ചില പ്രദേശങ്ങളിൽ വ്യാജ ചാരായ വാറ്റും വിൽപ്പനയും നടക്കുന്നതായുള്ള സൂചനകളും ലഭിച്ചിട്ടുണ്ട്.
സ്കൂൾ, കോളജ് പരിസരങ്ങളിലും വിവിധ കളി സ്ഥലങ്ങളിലും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി കഞ്ചാവ്, മയക്കുമരുന്നു ലേബികൾ സജീവമായതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.