ആലുവ: ജീവനൊടുക്കിയ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ഭർതൃഗൃഹത്തിൽ നേരിട്ടത് കൊടിയ പീഡനങ്ങളെന്നു പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്.
പെൺകുട്ടിയെ മനോരോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചതായും ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അറസ്റ്റിലായ സുഹൈലിനെയും ഇയാളുടെ മാതാപിതാക്കളെയും റിമാൻഡ് ചെയ്യാനായി കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
സ്ത്രീധനമായി 45 ലക്ഷം രൂപ ഭർതൃവീട്ടുകാർ ചോദിച്ചിരുന്നു. മോഫിയയുമായുള്ള വിവാഹബന്ധം വേർപെടുത്താൻ ഇസ്ലാം മതാചാരപ്രകാരം ഭർത്താവ് മഹല്ല് കമ്മിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു.
വേറെ വിവാഹം കഴിക്കുമെന്ന സുഹൈലിന്റെ ഭീഷണിയടക്കമുള്ള മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് മോഫിയയെ ആത്മഹത്യയിലേക്കു നയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.